തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടകയ്ക്ക് വമ്പൻ ജയം. തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഇന്നിംഗ്സിനും 164 റൺസിനുമായിരുന്നു സന്ദർശകരുടെ ജയം. സ്കോർ: കർണാടക- 586/5 ഡിക്ലയേർഡ്. കേരളം- 238, 184.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ 238 റൺസിന് പുറത്തായ കേരളം ഫോളോ ഓൺ വഴങ്ങിയിരുന്നു. പിന്നാലെ അവസാന ദിനം ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ കളത്തിലിറങ്ങിയ കേരളം 184 റൺസിന് പുറത്താകുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് അവസാന ദിനം ക്രീസിലെത്തിയ കേരളത്തിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. കൃഷ്ണ പ്രസാദ് (33), എദൻ ആപ്പിൾ ടോം (39), മുഹമ്മദ് അസ്ഹറുദ്ദീൻ (15), അഹമ്മദ് ഇമ്രാൻ (23), ബാബാ അപരാജിത് (19), സച്ചിൻ ബേബി (12) എന്നിവർക്ക് മാത്രമേ രണ്ടക്കമെങ്കിലും കാണാനായുള്ളൂ. അവസാന വിക്കറ്റിൽ ഏദൻ ആപ്പിൾ ടോമും എം.യു. ഹരികൃഷ്ണനും ചേർന്ന് കൂട്ടിച്ചേർത്ത 44 റൺസിന്റെ കൂട്ടുകെട്ട് ആണ് കേരളത്തിനെ 150 റൺസ് കടത്തിയത്.
കർണാടകയ്ക്കു വേണ്ടി 29 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാൻ ആണ് കേരളത്തിന്റെ ബാറ്റിംഗ് നിരയെ തകർത്തത്. വിദ്വത് കാവേരപ്പ രണ്ടും ശിഖർ ഷെട്ടി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
















