ഭക്ഷണം ക്രമീകരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഇഷ്‌ടഭക്ഷണം കാണുമ്പോള്‍ വിശപ്പടക്കാന്‍ നിര്‍ബന്ധിതനാകുന്നു. എന്നാല്‍ ഭക്ഷണത്തോടുള്ള അത്യാര്‍ത്തി ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുവെന്ന് വിദഗ്‌ധര്‍ പറയുന്നു. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് അമിതമായി വര്‍ധിക്കുവാന്‍ കാരണമാകുന്നു.
നമ്മുടെ ശരീരത്തിന് പൊതുവായി രണ്ട് തരത്തിലുള്ള പോഷകങ്ങളാണ് ആവശ്യം. ഒന്ന് സൂക്ഷ്‌മ പോഷകങ്ങൾ മറ്റൊന്ന് ബഹുപോഷകങ്ങള്‍. സൂക്ഷ്‌മ പോഷകങ്ങൾ ചെറിയ അളവില്‍ കാണപ്പെടുന്നു. ബഹുപോഷകങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ് എന്നിവയുള്‍പെടുന്നു. ഇതെല്ലാം നോക്കി ഡയറ്റ് എടുക്കുന്നവർ ഉണ്ടെന്ന് പ്രത്യേകം പറയേണ്ടലോ?
എന്നാൽ നിങ്ങൾ ബ്ലഡ് ടൈപ്പ് ഡയറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആ രക്ത ഗ്രൂപ്പുകൾക്ക് അനുസരിച്ച് ഭക്ഷണക്രമത്തെ ക്രമീകരിക്കുന്നതിനെയാണ് ബ്ലഡ് ടൈപ്പ് ഡയറ്റ് എന്ന് പറയുന്നത്. കേൾക്കുമ്പോൾ ആശ്ചര്യം തോന്നാമെങ്കിലും ഇത് വളരെ കാലങ്ങക്ക് മുൻപ് തന്നെ പ്രചാരത്തിൽ വന്നതാണ്. 1996-ൽ പീറ്റർ ഡി അദാമോ എന്ന പ്രകൃതി ചികിത്സകൻ ആണ് ഈ ഡയറ്റ് ആദ്യമായി അവതരിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ സിദ്ധാന്തം പ്രകാരം വ്യക്തികള്‍ അവരവരുടെ രക്ത ഗ്രൂപ്പുകള്‍ അടിസ്ഥാനപ്പെടുത്തി ചില ഭക്ഷണങ്ങള്‍ കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം. ഇത് കൂടുതല്‍ കാലം ആരോഗ്യവാനായി ജീവിക്കാനും ശരീരഭാരം ക്രമീകരിക്കാനും സഹായിക്കും. മസാലകൾ, സുഗന്ധവ്യഞ്ജനങ്ങൾ, വ്യായാമം എന്നിവ പോലും ഒരാളുടെ രക്തഗ്രൂപ്പിനെ ആശ്രയിച്ചിരിക്കണം. രക്ത ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തി ഭക്ഷണത്തിന്‍റെ ദഹനം, സമ്മര്‍ദം കൈകാര്യം ചെയ്യുന്നത്, പോഷകങ്ങളുടെ പ്രോസസിങ് എന്നിവ അറിയാന്‍ സാധിക്കുമെന്നാണ് അദ്ദേഹം തന്‍റെ സിദ്ധാന്തത്തില്‍ പറയുന്നത്.
ശരീരത്തിനുള്ളിലെ കോശങ്ങളുടെ ഉപരിതലത്തിലുള്ള പഞ്ചസാര അടങ്ങിയ തന്മാത്രകളുമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കാണപ്പെടുന്ന ലെക്റ്റിനുകള്‍- പ്രോട്ടീന്‍ പോലുള്ള പദാര്‍ത്ഥങ്ങള്‍ ശരീരത്തോട് എങ്ങനെ ഇടപഴകുന്നു എന്നതാണ് ഈ ഡയറ്റിന് പിന്നിലെ സിദ്ധാന്തം.
ബ്ലഡ് ടൈപ്പ് ആന്റിജനുമായി പൊരുത്തപ്പെടാത്ത ലെക്റ്റിനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അവ അവയവങ്ങളെ ലക്ഷ്യമിടുകയും പ്രത്യേക പ്രദേശത്ത് രക്തകോശങ്ങള്‍ അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ രക്തകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നും ഡോ.പീറ്റര്‍ ഡി അഡാമോ പറയുന്നു.
ഒ, എ, ബി, എബി എന്നിങ്ങനെ നാല് രക്ത ഗ്രൂപ്പുകളാണ് ഉള്ളത്.
ഒ ഗ്രൂപ്പ്; പ്ലാസ്മയിൽ എ, ബി ആൻ്റിബോഡികൾ ഉള്ള രക്തഗ്രൂപ്പ് ആണ് ടൈപ്പ് ഒ. കൂടാതെ ഒ പോസിറ്റീവ് ഗ്രൂപ്പാണ് ഏറ്റവും സാധാരണമായ രക്തഗ്രൂപ്പ്. അതേസമയം യൂണിവേഴ്സല്‍ ദാതാവ് കൂടിയായ ഒ നെഗറ്റീവ് അൽപ്പം വിരളമാണ്. ഇനി ഭക്ഷണക്രമത്തിലേക്ക് വന്നാല്‍, മാംസം, ബീൻസ്, ഗ്രീൻ പീസ്, ചീര, ചോളം, ബ്രൊക്കോളി, മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കടല്‍ വിഭവങ്ങള്‍, ഓലിവ് ഓയില്‍, റെഡ് മീറ്റ്, പാല്‍ ഉല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ പരിമിതപ്പെടുത്തണം.
എ ഗ്രൂപ്പ്; ഈ രക്തഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ റീസസ് (Rh) എന്ന പ്രോട്ടീൻ്റെ സാന്നിധ്യമുള്ള ടൈപ്പ്-എ ആൻ്റിജനുകൾ ഉണ്ട്. ഇവര്‍ പഴങ്ങൾ, പച്ചക്കറികൾ, ടോഫു, എല്ലാത്തരം സമുദ്രവിഭവങ്ങൾ, ധാന്യങ്ങൾ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മാംസാഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പൈനാപ്പിൾ, ഒലിവ് ഓയിൽ, സോയ എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പാലുൽപ്പന്നങ്ങൾ, ഗോതമ്പ്, ധാന്യം, കിഡ്നി ബീൻസ് എന്നിവ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാനും സഹായിക്കും.
ബി ഗ്രൂപ്പ്; മധ്യേഷ്യയിൽ സാധാരണമായി കാണപ്പെടുന്ന ഒരു രക്തഗ്രൂപ്പ് ആണ് ടൈപ്പ് ബി. ഈ രക്തഗ്രൂപ്പുള്ള ആളുകൾക്ക് മാംസം, പുതിയ പഴങ്ങൾ, പാലുൽപ്പന്നങ്ങൾ, മത്സ്യം, ഞണ്ട്, കൊഞ്ച്, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഭക്ഷണക്രമം പിന്തുടരാവുന്നതാണ്. ചിക്കൻ, ധാന്യം, നിലക്കടല, ഗോതമ്പ് എന്നിവ ഒഴിവാക്കുകയും വേണം.
എബി ഗ്രൂപ്പ്; ഏറ്റവും പുതിയതും അപൂര്‍വവുമായ രക്ത ഗ്രൂപ്പ് ആണിത്. ഈ രക്തഗ്രൂപ്പില്‍ പെടുന്നവര്‍ക്ക് മത്സ്യം, ധാന്യങ്ങൾ, പഴങ്ങൾ, പച്ച ഇലക്കറികൾ, മട്ടന്‍ തുടങ്ങിയവ ഡയറ്റില്‍ ധാരാളം ചേര്‍ക്കണം. ചിക്കൻ, ധാന്യം, താനിന്നു, കിഡ്നി ബീൻസ് എന്നിവ ഒഴിവാക്കണം.
എന്നാല്‍ ബ്ലഡ് ടൈപ്പ് ഡയറ്റിന് ശാസ്ത്രീയമായ പിന്തുണ കുറവാണ്. ഇത് സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ബ്ലഡ് ടൈപ്പ് ഡയറ്റ് കൊണ്ട് കാര്യമായ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ജനികകശാസ്ത്രം, പ്രായം, പ്രവര്‍ത്തന നില, നിലവിലുള്ള ആരോഗ്യസ്ഥിതി എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡയറ്റ് തീരുമാനിക്കേണ്ടത്. രക്തഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്താതെ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നത് ആരോഗ്യകരമായി പ്രയോദനം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു.
















