ഹരിയാനയിലെ ഫരീദാബാദിൽ ലൈബ്രറിയിൽനിന്ന് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്ക് നേരെ യുവാവ് വെടിയുതിർത്തു. തിങ്കളാഴ്ച വൈകുന്നേരം പെൺകുട്ടിയുടെ വീടിനടുത്ത് വെച്ചാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയ ശേഷം ബൈക്കിലെത്തിയ യുവാവ് സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നത്, പെൺകുട്ടി ഫോണിൽ സംസാരിച്ച് നടന്നുപോകുമ്പോൾ ബൈക്കിനടുത്ത് കാത്തുനിന്ന യുവാവ് പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെല്ലുകയും വെടിയുതിർക്കുകയും ചെയ്യുന്നതാണ്. വെടിയേറ്റ പെൺകുട്ടി വേദനയോടെ നിൽക്കുന്നത് കണ്ട വഴിപോക്കർ പരിഭ്രാന്തരായി ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വെടിയേറ്റ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിക്ക് പരിചയമുള്ള ആളാണ് ഒളിവിൽ പോയ പ്രതിയെന്നും പോലീസ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകുന്നേരം 5:30-ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയായ ഇരയുടെ ഇടത് കൈത്തണ്ടയിലും തോളിലുമാണ് വെടിയുണ്ടയേറ്റതും ചിതറിയ ചീളുകൾ കൊണ്ടുള്ള മുറിവുകളേറ്റതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതി നാടൻ തോക്ക് സ്ഥലത്ത് ഉപേക്ഷിച്ചാണ് മോട്ടോർസൈക്കിളിൽ രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടാനായി പ്രത്യേക പോലീസ് സംഘങ്ങൾ തിരച്ചിൽ ഊർജ്ജിതമാക്കി. സിറ്റി ബല്ലഭ്ഗഡ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ഇൻസ്പെക്ടർ ശംഷേർ സിംഗ് പറയുന്നതനുസരിച്ച്, പ്രതിയെ ഒരു വർഷമായി പെൺകുട്ടിക്ക് അറിയാമായിരുന്നു. പഠനത്തിനായി ഇരുവരും ഒരേ ലൈബ്രറിയിൽ പോകാറുണ്ടായിരുന്നു. എന്നാൽ രണ്ടാഴ്ചയായി പെൺകുട്ടി യുവാവുമായി സംസാരിക്കുന്നത് നിർത്തിയിരുന്നു, ഇത് യുവാവിനെ പ്രകോപിപ്പിച്ചു. സൗഹൃദത്തിനായുള്ള യുവാവിന്റെ ആവശ്യങ്ങൾ പെൺകുട്ടി നിരസിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വെടിയുതിർത്തതെന്നും അദ്ദേഹം പറഞ്ഞു.
സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതി തലയ്ക്ക് വെടിവെക്കാൻ ശ്രമിച്ചതായി വ്യക്തമാണ്, എന്നാൽ ലക്ഷ്യം തെറ്റി. അത്ഭുതകരമായാണ് പെൺകുട്ടി രക്ഷപ്പെട്ടതെന്നും ഇടത് കൈത്തണ്ടയിലും തോളിലും പരിക്കേറ്റതെന്നും ഇൻസ്പെക്ടർ വ്യക്തമാക്കി. ലൈബ്രറിക്ക് പുറത്ത് പെൺകുട്ടിയെ ആക്രമിക്കാനായി കാത്തുനിൽക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിന് ഉപയോഗിച്ച നാടൻ തോക്ക് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രി സിറ്റി ബല്ലഭ്ഗഡ് പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.
















