തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്നും ചവിട്ടി തള്ളിയിട്ട സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പെൺകുട്ടിയും സുഹൃത്തും ട്രെയിനിന്റെ വാതിൽ ഭാഗത്തു ഇരിക്കുന്നത് ദൃശ്യത്തിൽ കാണാമെന്നും പ്രതിയായ സുരേഷ് പെൺകുട്ടിയെ ചവിട്ടി തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വെക്തമായി കാണാൻ സാധിക്കുന്നെന്നും പോലീസ് പറഞ്ഞു. അതുപോലെ രണ്ടാമത്തെ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു.
തലയിലെ പരുക്ക് ഗുരുതരമെന്നാണ് ഡോക്ടർമാർ പറയുന്നത്. തലയിലെ മർദ്ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ തുടരുന്നത്. ഇതിനായുള്ള മരുന്നാണ് നൽകുന്നത്. സ്ഥിതി മെച്ചപ്പെട്ടതിനു ശേഷമായിരിക്കും തുടർ ചികിത്സകളിൽ തീരുമാനം ഉണ്ടാവുകയുള്ളു. പെൺകുട്ടി ആക്രമിക്കപ്പെട്ട ട്രെയിനിന്റെ ബോഗിയിൽ പൊലീസ് പരിശോധന നടത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചുവേളി യാർഡിൽ വച്ചായിരുന്നു പരിശോധന.
















