ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള ട്രൈബൽ ഗേൾസ് ആശ്രം സ്കൂളിലെ അധ്യാപികയെ വിദ്യാർത്ഥിനികളെക്കൊണ്ട് കാൽ തിരുമ്മിപ്പിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്തു. അധ്യാപക ധാർമ്മികതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച ഈ സംഭവം സംബന്ധിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചത്. സ്കൂൾ സമയത്ത് ഒരു കസേരയിൽ കാലും നീട്ടിയിരുന്ന് ഫോണിൽ സംസാരിക്കുന്ന അധ്യാപികക്ക്, യൂണിഫോമണിഞ്ഞ രണ്ട് വിദ്യാർത്ഥിനികൾ നിലത്തിരുന്ന് കാൽ മസാജ് ചെയ്തു കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ശ്രീകാകുളം ജില്ലയിലെ ബന്ദപ്പള്ളി ട്രൈബൽ ഗേൾസ് ആശ്രം സ്കൂളിലാണ് സംഭവം നടന്നത്. വൈ. സുജാത എന്ന അധ്യാപികയാണ് കുട്ടികളെക്കൊണ്ട് കാൽ തിരുമ്മിപ്പിച്ച് വിവാദത്തിലായത്. ക്ലാസ് സമയത്താണ് ഈ സംഭവം നടന്നതെന്നും അധ്യാപിക അധികാര ദുർവിനിയോഗം നടത്തിയെന്നും ചൂണ്ടിക്കാട്ടി ശക്തമായ പരാതികൾ അധികൃതർക്ക് ലഭിച്ചിരുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളോടുള്ള മോശം പെരുമാറ്റമായും ഇത് വിലയിരുത്തപ്പെട്ടു.
വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഉടനടി വിഷയത്തിൽ ഇടപെട്ടു. അധ്യാപികയോട് വിശദീകരണം തേടുകയും ചെയ്തു. എന്നാൽ, തനിക്ക് കാൽമുട്ട് വേദനയുണ്ടായിരുന്നെന്നും നടന്നു പോകുമ്പോൾ കാൽവഴുതി വീഴാൻ പോയപ്പോൾ വിദ്യാർത്ഥികൾ സഹായിക്കുകയായിരുന്നു എന്നുമാണ് അധ്യാപിക വിശദീകരിച്ചത്. മാത്രമല്ല, വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവർ വാദിച്ചു.
എങ്കിലും, അധ്യാപികയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അധികൃതർ തുടർനടപടി സ്വീകരിക്കുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും വിദ്യാർത്ഥികളെക്കൊണ്ട് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ജോലി ചെയ്യിക്കുകയും ചെയ്തതിനെ തുടർന്നാണ് വൈ. സുജാതയെ സസ്പെൻഡ് ചെയ്തത്. സ്കൂളുകളിലെ അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളുടെ അതിർവരമ്പുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം അടിവരയിടുന്നു.
















