ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനു സമീപമുള്ള കാടുപിടിച്ച പ്രദേശത്ത് പുരുഷന്റെ അസ്‌ഥികൂടം കണ്ടെത്തി. മാസങ്ങൾ പഴക്കമുള്ള അസ്‌ഥികൂടമാണ് ഇന്നലെ രാവിലെ കണ്ടത്.
ദേശീയപാതയിലൂടെ ദീർഘദൂര യാത്ര പോയ ലോറി ഡ്രൈവർ ഡ്രൈവർ വാഹനം നിർത്തിയപ്പോൾ മരത്തിനരികിൽ കാടിനുള്ളിൽ അസ്‌ഥികൂടം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് സംഭവം പുറത്തറിയാൻ കാരണമായത്. സ്ഥലത്ത് അഴുകിയ ശരീരഭാഗങ്ങൾ, തലയോട് ഉൾപ്പെടെയുള്ള അസ്ഥികൾ, പഴകിയ വസ്ത്രങ്ങൾ, കൂടാതെ കുരുക്കോടുകൂടിയ ഒരു കയറും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പ്രാഥമിക വിലയിരുത്തൽ പ്രകാരം തുങ്ങി ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം. ശരീരം പൂർണ്ണമായും അഴുകിയതിനാൽ കയറിൽ നിന്നു വേർപെട്ടതായിരിക്കാമെന്നും പൊലീസ് വ്യക്തമാക്കി.ആലപ്പുഴയിൽ നിന്നു ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു. അസ്ഥികൂടവും അവശിഷ്‌ടങ്ങളും ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
അന്വേഷണത്തിന് ചേർത്തല ഡിവൈഎസ്‌പി ടി. അനിൽകുമാർയും സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദ്യും നേതൃത്വം നൽകുന്നു.
















