കാക്കയെ കാണുമ്പോൾ അല്ലെങ്കിൽ കാക്ക എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരുടെയും മനസിലേക്ക് ഓടിയെത്തുക വൈലോപ്പിള്ളിയുടെ ‘കാക്ക’ എന്ന ആ മനോഹരമായ കവിത തന്നെയാകും അല്ലെ? “ചീത്തകൾ കൊത്തി വലിക്കുകിലും മേറ്റവും വൃത്തിവേടിപ്പെഴുന്നോൾ” വൃത്തിയുടെ കാര്യത്തിൽ കാക്കകളെ കഴിഞ്ഞിട്ടേ ഉള്ളു പല മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ സ്ഥാനം. സ്വയം വൃത്തിയാക്കുക മാത്രമല്ല പരിസരം മുഴുവൻ വൃത്തിയാക്കുന്ന ജോലി കൂടി ചെയ്യുന്നവരാണ് ഇക്കൂട്ടർ. നമ്മൾ സ്ഥിരമായി കാണുന്ന കാക്കകൾ അല്ലാതെ അത്ര കേട്ടുപരിചയമില്ലാത്ത മറ്റുചില കാക്കകൾ കൂടി ഈ ഭൂമിയിൽ ഉണ്ട് കേട്ടോ? കാക്കകളിൽ ഏറ്റവും വലിപ്പമുള്ള ഒരു വിഭാഗത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. ‘തിക്ക് ബിൽഡ് റേവൻ’ എന്നാണ് ഇക്കൂട്ടർ അറിയപ്പെടുന്നത്. ഇവയുടെ പ്രത്യേകത എന്താണെന്നല്ലേ?
കത്തിപോലെ വീതിയുള്ളതും വളഞ്ഞതുമായ കൊക്കാണ് ഈ കാക്കകളുടെ പ്രധാന സവിശേഷത. 9 സെന്റിമീറ്ററോളം നീളമുള്ളതാണ് ഈ കൊക്ക്. ഇതിനു മുന്നിൽ ഒരു വെളുത്തപാടും ഉണ്ടാകും. തലയിലും തൊണ്ടയിലും കഴുത്തിലും രോമം വളരെക്കുറവുള്ള ജീവികളാണു തിക് ബിൽഡ് റാവനുകൾ. കാക്കകളിലെ തന്നെ ഏറ്റവും വലുപ്പമുള്ള 2 ഇനങ്ങളിൽ ഒന്നാണ് തിക്ക് ബിൽഡ് റേവൻ.
ഇക്കൂട്ടരെ നമുക്ക് എല്ലാ സ്ഥലത്തും അങ്ങനെ കാണാനാവില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ആഫ്രിക്കയിൽ ആണ് കൂടുതലായും തിക്ക് ബിൽഡ് റേവനെ കാണപ്പെടുന്നത്. ആഫ്രിക്കയിലെ സബ് സഹാറൻ മേഖലയാണ് ഇവയുടെ അധിവാസ കേന്ദ്രം. എറിട്രിയ, ഇത്യോപ്യ, സൊമാലിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ ഇവയെ കാണാം. മലകളിലും ഉയർന്ന പീഠഭൂമികളിലുമാണ് ഇവ പൊതുവെ താമസിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ഈർപ്പമുള്ള കാടുകൾ, പുൽമേടുകൾ തുടങ്ങിയിടങ്ങളും കൃഷിസ്ഥലങ്ങളും ഉയർന്ന മരങ്ങളുള്ള നഗരമേഖലകളുമൊക്കെ ഇവയ്ക്കു ജീവയോഗ്യമാണ്.
കൂടുതലായും ഒറ്റയ്ക്ക് ജീവിക്കുന്ന ഇക്കൂട്ടർ ചിലപ്പോൾ ഇണയോടൊത്തും ജീവിക്കാറുണ്ട്. എന്നാൽ ഭക്ഷണം തേടി ഇവർ കൂട്ടമയാണ് എത്താറുള്ളത്. തിക്ക് ബിൽഡ് റേവന്റെ എടുത്ത് പറയേണ്ട ഒരു കഴിവാണ് ഇവയ്ക്ക് സ്വരങ്ങൾ അനുകരിക്കാനുള്ള കഴിവ് ഉണ്ട് എന്നത്. അതായത് ഇക്കൂട്ടർ മിമിക്രിക്കാർ കൂടിയാണെന്ന്! എന്നാൽ കൂടുകളിലും മറ്റും കഴിയുമ്പോഴാണ് ഇവ അതു പ്രകടിപ്പിക്കുന്നത്. പുൽച്ചാടികൾ, കീടങ്ങൾ മുതൽ ചത്ത മൃഗങ്ങളുടെ മാംസം വരെ ഇവർ ആഹാരമാക്കും.
















