ചലച്ചിത്ര അക്കാദമി അവാര്‍ഡ് നിര്‍ണ്ണയകാര്യത്തില്‍ പി.ആര്‍.ഒമാരോട് കാണിക്കുന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് ഫെഫ്ക പി.ആര്‍.ഒ എക്‌സിക്യൂട്ടീവ് അംഗവും മാധ്യമ പ്രവര്‍ത്തകനുമായ പി.ആര്‍ സുമേരന്‍. സിനിമാ മേഖലയിലെ ഒട്ടുമിക്ക വിഭാഗങ്ങളെയും അക്കാദമി വര്‍ഷങ്ങളായി പരിഗണിച്ചു പോരുമ്പോള്‍ തന്നെ പി.ആര്‍.ഒ വിഭാഗത്തെ അവഗണിക്കുകയാണ്. സിനിമയുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും മുഖ്യപങ്ക് വഹിക്കുന്നത് പി.ആര്‍.ഒ മാരാണ്. പൂജ മുതല്‍ ചിത്രം റിലീസ് ചെയ്ത് തിയേറ്ററില്‍ നിന്ന് ഇറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ വരെ ക്രോഡീകരിച്ച് വാര്‍ത്തയാക്കി സിനിമയെ മുഖ്യധാരയിലെത്തിക്കുന്നത് പി.ആര്‍.ഒ മാരാണ്.
എത്ര മികച്ച സിനിമയാണെങ്കില്‍ പോലും അതിനെ കലാമൂല്യമുള്ളതും ജനപ്രിയവുമാക്കി മാറ്റുന്നത് പി.ആര്‍.ഒ മാര്‍ തന്നെയാണ്. സിനിമയെ ജനങ്ങളിലേക്കും സമസ്ത മേഖലകളിലേക്കും എത്തിക്കുന്നതും പി ആര്‍ ഒ മാര്‍ തന്നെയാണ്. അവരുടെ അദ്ധ്വാനവും കഴിവും സര്‍ഗ്ഗാത്മകതയും കാലങ്ങളായി ചലച്ചിത്ര അക്കാദമി അവഗണിച്ചുപോരുകയാണ്. അതുകൊണ്ടുതന്നെയാണ് പി.ആര്‍.ഒ രംഗത്തെ അവാര്‍ഡിനായി പരിഗണിക്കാത്തത്. മലയാള സിനിമയുടെ നാല് തലമുറകള്‍ക്ക് വേണ്ടിയും പി.ആര്‍.ഒ വര്‍ക്ക് ചെയ്യുന്ന ശ്രദ്ധേയരായ പി.ആര്‍.ഒ മാര്‍ ഇന്നും മലയാളസിനിമയില്‍ സജീവമാണ്.
ആദ്യകാലങ്ങളില്‍ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലുമാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് ലക്ഷങ്ങള്‍ മുതല്‍മുടക്കുള്ള സിനിമാ പ്രമോഷനുകളും പി.ആര്‍.ഒമാര്‍ നടത്തി വരുന്നുണ്ട്. ചലച്ചിത്ര സംഘടനകളുടെയും ആര്‍ട്ടിസ്റ്റുകളുടെയും സിനിമയിലെ ടെക്‌നീഷ്യന്‍മാരുടെയൊക്കെ പ്രചരണ പരിപാടികള്‍ ചെയ്യുന്നതും പി.ആര്‍.ഒമാര്‍ തന്നെയാണ്. ഈ മേഖലയിലേക്ക് സ്ത്രീകളും കടന്നുവന്നത് ഏറെ സന്തോഷം തരുന്ന മറ്റൊരു കാര്യം തന്നെയാണ്. ഫെഫ്കയുടെ കീഴിലുള്ള ഫെഫ്ക പി.ആര്‍.ഒ യൂണിയനില്‍ 20 പി.ആര്‍.ഒമാര്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
സിനിമയുടെ ഏറ്റവും നിര്‍ണ്ണായക വിഭാഗമായ പി.ആര്‍.ഒ മാരെ അവഗണിക്കുന്ന അക്കാദമിയുടെ നിലപാടിനോട് ഒരു തരത്തിലും യോജിക്കാനാവില്ല. വരും വര്‍ഷമെങ്കിലും സാംസ്‌ക്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും അവാര്‍ഡ് പരിഗണനയിലേക്ക് പി.ആര്‍.ഒ.മാരെയും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
CONTENT HIGH LIGHTS; Chalachitra Academy’s treatment of cinema PROs is unfair: FEFKA PRO Union Executive Member PR Sumeran
















