കോഴിക്കോട്: ദേശീയപാത 66-ൽ നെല്ലിക്കോട് ഹോട്ടൽ കോപ്പർ ഫോളിയോ മുതൽ ആഴാത്യക്കോവിൽ വിഷ്ണുക്ഷേത്രം വരെ ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് റോഡ് നിർമ്മിച്ചുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു.
ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദേശപ്രകാരം എൻ.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയറക്ടർക്ക് നോട്ടീസ് നൽകി. 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് നിർദേശം.
പല ഭാഗങ്ങളിലും സർവീസ് റോഡിന്റെ വീതി മൂന്നു മീറ്ററോ അതിൽ കുറവോ മാത്രമാണെന്നും, ഇതു വഴി വാഹനങ്ങൾ സുരക്ഷിതമായി കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാകുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തന വാഹനങ്ങൾക്കും കടന്നുപോകാൻ പ്രയാസമുണ്ടാകുമെന്നും ആരോപണം.
പ്രദേശവാസികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും ശരിയായ വീതിയിൽ റോഡ് വികസിപ്പിക്കാനുള്ള നടപടിയുണ്ടായിട്ടില്ലെന്ന് ആരോപിക്കുന്നു. മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് റോഡ് നിർമിക്കണമെന്നതാണ് അവരുടെ ആവശ്യം.
നെല്ലിക്കോട് നാഷണൽ ഹൈവേ സർവീസ് റോഡ് സംരക്ഷണ സമിതിയുടെ അധ്യക്ഷൻ കെ. ശരത്‌കുമാർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. കേസ് നവംബർ 25ന് കോഴിക്കോട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
















