കിഫ്ബി വന്നതിന് ശേഷമാണ് സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനുള്ള ശേഷി ഖജനാവിനുണ്ടായിരുന്നില്ല. അപ്പോഴാണ് കിഫ്‌ബിയെ പുനരുജീവിച്ചാൽ സാമ്പത്തിക സ്രോതസ്സ് ആകുമെന്ന ചിന്ത വന്നത്. 150 പാലങ്ങൾ കിഫ്ബിയിൽ പൂർത്തിയായി. ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ രജത ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കളിക്കളങ്ങളിലും ആശുപത്രികളിലും കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നു. വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിലും കിഫ്ബി യുടെ സഹായം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ കുറിച്ച് നേരത്തെ തന്നെ എല്ലാവർക്കും അറിയാം. കിഫ്ബിയുടെ പ്രസക്തിയാണ് നാം ഗൗരവമായി ആലോചിക്കേണ്ടത്.
പലകാര്യങ്ങളിലും ഒട്ടേറെ പ്രത്യേകതകളുള്ള നാടാണ് കേരളം. ഇന്ന് കാണുന്ന സൗകര്യങ്ങളോ അവസരങ്ങളോ ഒരുകാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതിരുന്ന കാലം ഉണ്ടായിരുന്നു. സമൂഹത്തിൽ വലിയൊരു വിഭാഗമാളുകൾ വലിയ പീഡനം അനുഭവിക്കേണ്ടിവന്നു. അതൊക്കെ അടിച്ചേൽപ്പിക്കപ്പെട്ട സാമൂഹ്യ വ്യവസ്ഥയുള്ള കാലമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് ലോകമാകെ എത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന മാനുഷിക മൂല്യമുയർത്തുന്ന ഒരു മാനവാലയമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നിലുള്ള ചരിത്രവും നാം ഓർക്കേണ്ടതാണ്. നവോത്ഥാനത്തിന് അതിൽ വലിയ പങ്കുണ്ടെന്ന് അദേഹം പറഞ്ഞു. ലോകത്തിലെ മിക്ക രാജ്യങ്ങളിലും മലയാളികൾ ഉണ്ട്. ഉന്നത സ്ഥാനങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് വിവിധതരത്തിലുള്ള കാലാനുസൃതമായ പുരോഗതി ഉണ്ടായിരുന്നില്ല. ഖജനാവിൽ അതിനുള്ള ശേഷി ഉണ്ടായില്ല. അതിന്റെ ഭാഗമായി കേരളത്തിന്റെ അതിപ്രസക്തമായ രംഗങ്ങൾ എല്ലാം പുറകോട്ടുപോയി.
കാലാനുസൃതമായ പുരോഗതി നേടാൻ കഴിഞ്ഞില്ലെങ്കിൽ പിന്തള്ളപ്പെട്ട പോകും. കടുത്ത നിരാശയിലായിരുന്നു നാട്.യ നമ്മുടെ നാടിന് ബാധിച്ച കടുത്ത നിരാശ എങ്ങനെ മാറ്റി കൊടുക്കാൻ ആകും എന്നതാണ് 2016 സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നപ്പോൽ ആലോചിച്ച കാര്യം. അപ്പോഴാണ് കിഫ്‌ബിയെ പുനരുജ്ജീവിപ്പിച്ചാൽ സാമ്പത്തിക സ്രോതസ്സ് ആകുമെന്ന ചിന്ത വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് മാറിയില്ലെങ്കിൽ കാലം നമ്മെ കാത്തുനിൽക്കില്ല. കാലം അതിനനുസരിച്ച് പോകും. ഭാവി തലമുറ നമ്മെ കുറ്റപ്പെടുത്തും. കിഫ്ബിക്ക് എതിരെ ഫണ്ടുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ ഫണ്ട് നിക്ഷേപിച്ചത് വികസനത്തിനായാണ്. അത് തിരിച്ചടക്കുകയും ചെയ്തു. നവകേരള നിർമിതിയുടെ പ്രധാന പങ്കാളിയായി നമുക്ക് കിഫ്ബിയെ കൊണ്ടുപോകാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
STORY HIGHLIGHT : CM Pinarayi Vijayan says Kerala has made timely progress since the arrival of KIIFB
















