17 കാരിയായ കാമുകി ഗർഭിണിയായതിനെ തുടർന്ന് വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഗുംല ജില്ലയിലെ പുരാന റൈദിഹ് ഗ്രാമത്തിലാണ് സംഭവം. അഞ്ച് മാസം ഗർഭിണിയായ 17 കാരിയായ അൻഷികയാണ് കൊല്ലപ്പെട്ടത്. 19 കാരനായ സുമൻ യാദവാണ് പ്രതി. ഛത്തീസ്ഗഡിലെ ധരംജയ്ഗഡിലെ ശാന്തി നഗർ സ്വദേശിയായ പെൺകുട്ടി ഒരാഴ്ചയായി പ്രതിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇവർ തമ്മിൽ വഴക്കുണ്ടായതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. പ്രകോപിതനായ സുമൻ കോടാലി എടുത്ത് അൻഷികയെ ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. എന്നാൽ രക്ഷപ്പെടാനോ കുറ്റകൃത്യം മറച്ചുവെക്കാനോ ശ്രമിക്കാഞ്ഞ പ്രതി, പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതുവരെ വീടിനുള്ളിൽ തന്നെ തുടർന്നു. പൊലീസ് സ്ഥലത്തെത്തി സുമൻ യാദവിനെ കസ്റ്റഡിയിലെടുത്തു. അൻഷികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ വിശദമായി ചോദ്യം ചെയ്‌തു വരികയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
















