തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്റെ CCTV ദൃശ്യങ്ങൾ പുറത്തുവന്നു. ആലത്തൂരിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ മുണ്ടു അഴിച്ചുധരിച്ചു സ്വതന്ത്രനായി പുറത്തേക്ക് ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വെള്ള മുണ്ടും മഞ്ഞയിൽ കറുത്ത കള്ളികളുള്ള ഷർട്ടുമാണ് ബാലമുരുകൻ അന്ന് ധരിച്ചിരുന്നത്.
ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്നാട് പൊലീസിന്റെ മൊഴി ശരിവയ്ക്കുന്ന തരത്തിലാണ് പുറത്തുവന്ന ദൃശ്യങ്ങൾ. പ്രതിയെ ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ബാലമുരുകനെ ഒടുവിൽ കണ്ടത് ഇന്നലെ പുലർച്ചെ രണ്ടരയോടെ വിയ്യൂർ ജയിലിന് സമീപം പാടൂക്കാട്ടിലാണ്. മോഷ്ടിച്ചതായി കരുതുന്ന സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പൊലീസ് കണ്ടതോടെ സൈക്കിൾ ഉപേക്ഷിച്ച് സമീപത്തെ പാടത്തുകൂടി ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. പിന്നാലെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
പ്രദേശത്ത് റെയിൽവേ പാതയുള്ളതിനാൽ ട്രെയിനിൽ കയറി രക്ഷപ്പെട്ടിരിക്കാമെന്ന സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കൊടുങ്ങല്ലൂർ–ഷോർണൂർ സംസ്ഥാനപാതയിലൂടെ ഏതെങ്കിലും വാഹനത്തിൽ കയറി രക്ഷപ്പെട്ടിരിക്കാമെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.
അതേസമയം തൃശൂർ നഗരത്തിലും സമീപ ജില്ലകളിലുമെല്ലാം ബാലമുരുകനെ തേടി വ്യാപകമായ തിരച്ചിൽ തുടരുകയാണ് പൊലീസ്.
















