യുഎസിൽ കാർഗോ വിമാനം തകർന്നുവീണു. കെന്റക്കിയിലെ ലൂയിസ്‌വില്ലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ചൊവ്വാഴ്ചയാണ് കാർഗോ വിമാനം തകർന്നുവീണത്. വീണതിനുപിന്നാലെ വിമാനത്തിൽ സ്ഫോടനമുണ്ടായി. പ്രദേശമാകെ കറുത്ത പുക നിറഞ്ഞു. ലൂയിസ്‌വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെടുന്നതിനിടെ പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് വിമാനം തകർന്നുവീണതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. യുപിഎസ് കമ്പനിയുടെ കാർഗോ വിമാനമാണ് തകർന്നത്. മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനത്തിൽ ഏകദേശം 280,000 ഗാലൻ ഇന്ധനം ഉണ്ടായിരുന്നത് ആശങ്കയുളവാക്കുന്നുണ്ടെന്ന് ലൂയിസ്‌വില്ല മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് വ്യക്തമാക്കി. യുപിഎസിന്റെ 1991ൽ നിർമിച്ച മക്ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് തകര്‍ന്നുവാണത്. യുപിഎസിന്റെ ഏറ്റവും വലിയ പാക്കേജ് കൈകാര്യം ചെയ്യൽ സൗകര്യം ലൂയിസ്‌വില്ലിലാണുള്ളത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന ഈ ഹബ് വഴി പ്രതിദിനം 300 വിമാനങ്ങൾ കടന്നുപോകുന്നു. സ്ഫോടനത്തെത്തുടർന്ന് കറുത്ത പുക വ്യാപിച്ചതോടെ ഓഹിയോ വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകി. തീപിടിച്ച് വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
















