താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ഗാസയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം തുടർന്നു. ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ഗാസയിൽ ഫലസ്തീനികളുടെ നിരവധി വസതികൾ ഇസ്രായേൽ സേന തകർത്തു.
ഗാസ സിറ്റിയിലും ശുജാഇയ്യയിലും വെടിനിർത്തൽ ലംഘിച്ചുള്ള ആക്രമണങ്ങൾ വ്യാപകമായി നടന്നു. ജബാലിയയിൽ ബോംബാക്രമണത്തിലൂടെ ഹമാസ് തുരങ്കം തകർത്തതായി ഇസ്രായേൽ സേന അറിയിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ഇസ്രായേൽ സുരക്ഷാ സേനയുടെ അതിക്രമം തുടരുന്നതായും റിപ്പോർട്ടുണ്ട്.
തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ ഗാസയിലെ ഫലസ്തീൻ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതായി യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടി.
ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് റെഡ് ക്രോസ് മുഖേന ഇസ്രായേലിന് കൈമാറി. അവശേഷിക്കുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ ഹമാസ് തുടരുകയാണ്.
ഗാസയിലേക്കുള്ള സഹായ വിതരണം വർദ്ധിപ്പിച്ചില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുരിതപൂർണമാകുമെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകി. ആവശ്യമായ ഭക്ഷ്യോത്പന്നങ്ങളുടെ ചെറിയൊരു ശതമാനം മാത്രമാണ് ഇപ്പോൾ ഗാസയിൽ എത്തുന്നത്.
















