ആഡംബര വാച്ചുകൾ വെറും സമയം നോക്കാനുള്ള ഉപകരണങ്ങൾ മാത്രമല്ല, അതൊരു വ്യക്തിയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റാണ്, ചിലപ്പോൾ അതൊരു മികച്ച നിക്ഷേപം കൂടിയാണ്. ഇന്ത്യയിൽ നടൻ മോഹൻലാലും ആഗോളതലത്തിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ പ്രവണതയുടെ മികച്ച ഉദാഹരണങ്ങളാണ്. കോടികൾ വിലമതിക്കുന്ന ഇവരുടെ വാച്ച് ശേഖരങ്ങൾ ഫാഷൻ ലോകത്തെയും സാമ്പത്തിക വിദഗ്ധരെയും ഒരുപോലെ ആകർഷിക്കുന്നു.
“വാച്ചിന്റെ ലോകം” എന്നത് കാലത്തിനനുസരിച്ച് വലിയ മാറ്റങ്ങൾക്കും പുതിയ ട്രെൻഡുകൾക്കും സാക്ഷ്യം വഹിക്കുന്ന ഒന്നാണ്. സാങ്കേതികവിദ്യ എത്ര വളർന്നാലും, ആഡംബര വാച്ചുകൾക്ക് വാച്ച് ലോകത്ത് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇവ സമയം നോക്കാൻ മാത്രമല്ല, ഒരു വ്യക്തിയുടെ സ്റ്റാറ്റസ് പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സമയം നോക്കുന്ന ഉപകരണം എന്നതിൽ നിന്ന് ഇന്നത് ഫാഷൻ സ്റ്റേറ്റ്‌മെന്റും, ആരോഗ്യ സഹായിയും,കൂടാതെ ഒരു ഇൻവെസ്റ്റ്മെന്റ് മെത്തേഡ് ആയും ഇന്ന് വാച്ചുകളെ ഉപയോഗിക്കുന്നുണ്ട്. അതിൽ തന്നെ പല ബ്രാൻഡുകളും അതിന്റെ ദിനം പ്രതി മാറി വരുന്ന പാറ്റേണും സ്റ്റൈയിലും വാച്ച് പ്രേമികളെ ഒന്നടങ്കം ആകർഷിച്ചു കൊണ്ടിരിക്കുകയാണ്.
റോളക്സ് , ഒമേഗ , ടാഗ് ഹ്യൂയർ , ജേക്കബ് & കോ, പടെക് ഫിലിപ്പ് , ടിസ്സോട്ട് എന്നിവയാണ് ഈ രംഗത്തെ പ്രമുഖർ. കൃത്യമായ മെക്കാനിസം, കൈകൊണ്ട് നിർമ്മിച്ച ഡിസൈനുകൾ, വിലയേറിയ ലോഹങ്ങൾ, പാരമ്പര്യം എന്നിവയാണ് ഈ വാച്ചുകളെ പ്രിയങ്കരമാക്കുന്നത്. പലപ്പോഴും ഇവ ഒരു നിക്ഷേപം കൂടിയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ മോഹൻലാലും , ആഗോളതലത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ആഡംബര വാച്ചുകളിൽ ഏറ്റവും വലിയ കളക്ഷൻ ഉള്ള രണ്ടു വ്യക്തികൾ.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര വാച്ച് ശേഖരങ്ങളിൽ ഒന്നാണ് റൊണാൾഡോയുടേത്. ഇതിന്റെ ഏകദേശ മൂല്യം 10 മില്യൺ ഡോളറിൽ അധികമാണ്. പ്രധാനമായും ജേക്കബ് & കോ. കൂടാതെ ഹബ്ലോട്ട്, ഗിറാർഡ് പെരെഗോക്സ് തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ വാച്ചുകൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. വാച്ച് നിർമ്മാതാക്കളായ ജേക്കബ് & കോ.യുമായി ചേർന്ന് ‘എപിക് എക്സ് സിആർ7’ (Epic X CR7) എന്ന പേരിൽ റൊണാൾഡോ സ്വന്തം വാച്ച് ശേഖരം പുറത്തിറക്കി. ഇതിൽ ഫ്ലൈറ്റ് ഓഫ് സിആർ7, ഹാർട്ട് ഓഫ് സിആർ7 തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു.
മോഹൻലാലിന്റെ വാച്ച് ശേഖരം
ക്ലാസിക്, വിന്റേജ്, ആധുനിക ഡിസൈനുകളിലുള്ള വാച്ചുകൾ മോഹൻലാലിന്റെ ശേഖരത്തിലുണ്ട്. ജേക്കബ് & കോ., റിച്ചാർഡ് മില്ലെ, പാടെക് ഫിലിപ്പ്, ഓഡെമേഴ്‌സ് പിഗ്വെറ്റ്, യുലിസെ നർദൻ, റോലക്സ് തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ വാച്ചുകൾ അദ്ദേഹത്തിനുണ്ട്.
ജേക്കബ് & കോ. എപിക് എക്സ് നിയോ-റീറ്റലൈറ്റ്: 1.12 കോടി രൂപ വിലവരുന്ന ഈ വാച്ചിൽ 18 കാരറ്റ് റോസ് ഗോൾഡും 544 ഡയമണ്ടുകളും ഉണ്ട്. റിച്ചാർഡ് മില്ലെ ആർഎം 030: ഏകദേശം 2.34 കോടി രൂപ വിലവരുന്ന ഈ വാച്ച് അദ്ദേഹത്തിന്റെ ശേഖരത്തിലെ വിലയേറിയ വാച്ചുകളിൽ ഒന്നാണ്. ഓഡെമേഴ്‌സ് പിഗ്വെറ്റ് റോയൽ ഓക്ക് ഓഫ്ഷോർ: ഏകദേശം 12 ലക്ഷം രൂപ വിലവരുന്ന വാച്ചാണിത്.
പാടെക് ഫിലിപ്പ് അക്വാനോട്ട് ട്രാവൽ ടൈം: ഏകദേശം 75-80 ലക്ഷം രൂപ വിലമതിക്കുന്ന ഈ വാച്ചും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
ലക്ഷ്വറി വാച്ചുകൾ ഒരു നിക്ഷേപ മാർഗ്ഗം കൂടിയാണെന്നതാണ് ഏറ്റവും വലിയ പാഠം. പഴയ വീഞ്ഞും പുതിയ വീഞ്ഞും പോലെ, ചില വാച്ചുകൾ കാലം കഴിയുന്തോറും മൂല്യം കൂടുന്നവയാണ്. റിച്ചാർഡ് മില്ലെ, പാടെക് ഫിലിപ്പ് പോലുള്ള ബ്രാൻഡുകൾ പരിമിത പതിപ്പുകളിൽ (Limited Editions) വാച്ചുകൾ പുറത്തിറക്കാറുണ്ട്. ഡിമാൻഡ് കൂടുതലും സപ്ലൈ കുറവുമായതിനാൽ, വർഷങ്ങൾ കഴിയുമ്പോൾ ഇവയുടെ വിപണി മൂല്യം പലമടങ്ങ് വർദ്ധിക്കും. റോളക്സ് പോലുള്ള ബ്രാൻഡുകളുടെ ചില മോഡലുകൾക്ക് സ്വർണ്ണത്തേക്കാളോ ഓഹരികളേക്കാളോ മികച്ച റീസെയിൽ വാല്യു ലഭിക്കാറുണ്ട്.
















