നെയ്യാറ്റിൻകര: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മീനുകളിൽ കേടുകൂടാതിരിക്കാൻ അപകടകാരിയായ രാസവസ്തുക്കൾ ചേർക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ‘ചെമ്പല്ലി’ വിഭാഗത്തിൽപ്പെട്ട മീൻ കഴിച്ചതിനെത്തുടർന്ന് ഒട്ടേറെ പേർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതോടെ, മീനുകളിൽ ഉപയോഗിക്കുന്ന രാസപദാർഥങ്ങളാണ് ഇതിന് കാരണമെന്ന സംശയമാണ് മുന്നോട്ട് വയ്ക്കുന്നത്.
നെയ്യാറ്റിൻകര നഗരസഭാ പരിധിയിലെ ടിബി ജംക്ഷൻ, ആറാലുംമൂട്, അമരവിള മാർക്കറ്റുകളിലും വ്ലാങ്ങാമുറി, ഓലത്താന്നി, പെരുമ്പഴുതൂർ, തൊഴുക്കൽ തുടങ്ങിയ ഇടങ്ങളിലുമാണു ദിവസവും മീൻ കച്ചവടം തകൃതിയായി നടക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട 3 മാർക്കറ്റുകളിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മീൻ എത്തിക്കുന്നത്. ഇവിടങ്ങളിലൊന്നിലും നിലവിൽ സ്ഥിരമായ പരിശോധനാ സംവിധാനങ്ങളില്ലെന്നതാണ് നടത്തുന്നില്ലെന്നു നാട്ടുകാരുടെ പ്രധാന ആക്ഷേപം.
താലൂക്കിലെ തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ, കോട്ടുകാൽ പഞ്ചായത്തുകളിലെയും മീൻ വ്യാപാരകേന്ദ്രങ്ങളിൽ സമാന സാഹചര്യമാണെന്ന് വ്യാപാരികൾ സമ്മതിക്കുന്നു. മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് മീൻ എത്തുന്നത്.
താലൂക്കിലെ തന്നെ തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ, കോട്ടുകാൽ പഞ്ചായത്തുകളിലെ മീൻ കച്ചവടം നടത്തുന്ന ഇടങ്ങളിലെല്ലാം ഇതര സംസ്ഥാനത്ത് നിന്ന് എത്തിക്കുന്ന മീനിന്റെ സാന്നിധ്യമുണ്ട്. ഫോമാലിൻ, അമോണിയ തുടങ്ങിയ രാസപദാർഥങ്ങളാണ് മീൻ കേടാകാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് എന്നാണ് വിവരം.
ഇതിൽ ഫോമാലിൻ മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവാണ്.വേറെയും രാസ പദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അറിവുണ്ട്. ഇത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർ, എത്ര അളവിൽ ഉപയോഗിക്കണമെന്ന് കൃത്യമായി പറഞ്ഞു കൊടുക്കാറുണ്ട്. എന്നാൽ ഈ അളവ് തെറ്റുമ്പോഴാണ് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.കുറഞ്ഞ അളവിലാണെങ്കിലും രാസവസ്‌തുക്കൾ മനുഷ്യന്റെ ഉള്ളിൽ എത്തിയാൽ ഭാവിയിൽ ഏതെല്ലാം രോഗങ്ങളിലേക്ക് നയിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ്. കാഴ്‌ചയിൽ നല്ലതെന്നു തോന്നിക്കുന്നതിനാലാണ് പലരും വലിയ വില നൽകി മീൻ വാങ്ങുന്നത്.മീൻ കേടാകാതിരിക്കാൻ രാസ വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന വിവരം, കൊച്ചു കുട്ടികൾക്കു വരെ അറിയാം എങ്കിലും അധികൃതർ ഉണരാത്തതാണ് അഭ്ഭുതം.
കഴിഞ്ഞ ചെമ്പല്ലി മീൻ കഴിച്ചതിനെ തുടർന്ന് നാൽപതിലധികം പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായിട്ടും, ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള പരിശോധന നാമമാത്രമായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
മീനിൽ രാസവസ്തുക്കൾ ചേർക്കുന്നത് തടയാനും, വിപണികളിൽ സ്ഥിരപരിശോധന നടത്താനും ആവശ്യപ്പെട്ട് ജനങ്ങൾ ഭരണകൂടത്തോട് ആവശ്യം ഉന്നയിക്കുന്നു.
















