ആലപ്പുഴ: ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷനെ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവുകടത്ത് വ്യാപകമാകുന്നു. ബാഗുകളിലാക്കി ട്രെയിനുകളിലൂടെ എത്തിക്കുന്ന കഞ്ചാവ് കഴിഞ്ഞ ഒരാഴ്ചക്കിടെ 11.5 കിലോഗ്രാം റെയിൽവേ പൊലീസ് പിടികൂടി.
ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് ഒന്നര കിലോ കഞ്ചാവ് വീണ്ടെടുത്തത്. റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയ് കുമാർ നയിച്ച പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കഞ്ചാവ് ധൻബാദ് എക്സ്പ്രസിലൂടെ എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഉപയോഗശൂന്യമായ പൊതുശുചിമുറിയോട് ചേർന്ന ഭാഗത്താണ് ബാഗ് ഉപേക്ഷിച്ചിരുന്നത്.
ഇതിനുമുമ്പ്, കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ രീതിയിൽ 10 കിലോ കഞ്ചാവ് സ്റ്റേഷനിൽനിന്ന് പിടികൂടിയിരുന്നു. അന്ന് ഇരുപത് ചെറിയ ബാഗുകളിൽ തുന്നിപ്പിടിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംശയാസ്പദമായ ചാക്കുകെട്ടുകൾ പരിശോധിച്ചാണ് അന്നും റെയിൽവേ പൊലീസ് കഞ്ചാവ് കണ്ടെത്തിയത്.
ഇരു സംഭവങ്ങളിലെ ഉടമസ്ഥരെയും വിതരണശൃംഖലയെയും കണ്ടെത്താനുള്ള അന്വേഷണം റെയിൽവേ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
















