തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഉപേഷ് സുഗതനും വിഴിഞ്ഞം മണ്ഡലം സെക്രട്ടറി വിനോദ് കുമാറും അടക്കം 50 കോണ്‍ഗ്രസ് പ്രവർത്തകരാണ് നേതൃത്വത്തെ രാജി അറിയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെയാണ് രാജി.
കോണ്‍ഗ്രസ് എംഎൽഎ എം വിൻസെന്‍റിനെതിരെ വിമർശനവും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനയച്ച കത്തിൽ ഉയർത്തുന്നു. സ്ഥലം എംഎല്‍എയുടെ ഏകാധിപത്യ മനോഭാവം പാര്‍ട്ടിയുടെ നാശത്തിലേക്കുള്ള പോക്കാണെന്നാണ് കുറ്റപ്പെടുത്തൽ. ‘കോവളം നിയോജക മണ്ഡലത്തിലെ പാർട്ടിയുടെ നയവഞ്ചന സഹിക്കാവുന്നതിലും അപ്പുറമാണ്.
ദുഷ്ടലാക്കലോടെയുള്ള ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങളും നാടിനെ ദോഷകരമാക്കുന്ന പ്രവര്‍ത്തനങ്ങളും ഇനി പൊറുക്കാനാവില്ല. സ്ഥലം എംഎല്‍എയുടെ ഏകാധിപത്യ മനോഭാവം പാര്‍ട്ടിയുടെ നാശത്തിലേക്കുള്ള പോക്കാണെന്ന് അറിയിക്കട്ടെ. ആയതിനാല്‍ ചില നേതാക്കളും അന്‍പതോളം പ്രവര്‍ത്തകരും അവരുടെ തല്‍സ്ഥാനങ്ങളും പാര്‍ട്ടി അംഗത്വും രാജിവയ്ക്കുന്നതായി അറിയിക്കുന്നു’, എന്നായിരുന്നു രാജിക്കത്തില്‍ എഴുതിയിരുന്നത്.
















