നാം സാധാരണയായി എള്ളെണ്ണ ഉപയോഗിക്കുന്നത് ദോശക്കല്ല് മയപ്പെടുത്താനും കല്ലിൽ നിന്ന് ദോശ എളുപ്പത്തിൽ ഇളകാനും പിന്നെ പ്രധാനമായും അച്ചാർ ഉണ്ടാക്കാനുമാണല്ലോ. എള്ളെണ്ണയിൽ അച്ചാറുണ്ടാക്കിയാൽ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.
അച്ചാർ നിർമ്മാണത്തിൽ എള്ളെണ്ണക്കു മുഖ്യ സ്ഥാനം ലഭിക്കാൻ കാരണവും ഇത് തന്നെ. എന്നാൽ എള്ളെണ്ണ ഉപയോഗിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണ് ഉള്ളത്. ഇത് ആരോഗ്യത്തിനും അതുപോലെതന്നെ ചര്‍മ്മ സംരക്ഷണത്തിനും വളരെ നല്ലതാണ്. ധാരാളം വിറ്റാമിനുകളും എനെർജിയും അടങ്ങിയ ഒന്നാണ് എള്ളെണ്ണ.
എള്ളിൽ സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനും രക്തചംക്രമണവും ഉപാപചയവും മെച്ചപ്പെടുത്താനും സഹായിക്കും.
പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, വിറ്റാമിൻ ഇ, സെസാമോൾ, സെസാമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം കുറയ്ക്കുന്നു.ഭക്ഷണം തയാറാക്കുമ്പോള്‍ എള്ളെണ്ണ ഉപയോഗിക്കുന്നത് രക്തത്തിലെ ഷുഗര്‍ ലെവല്‍ കുറയ്ക്കുവാന്‍ സഹായിക്കും.
ഇത്രയേറെ ഗുണകരമായ എള്ളെണ്ണ നാം വളരെ ചെറിയ അളവിലാണ് ഉപയോഗിക്കുന്നത്. നമ്മുടെ നിത്യജീവിതത്തിൽ വെളിച്ചെണ്ണക്കു തുല്യം പ്രാധാന്യം കൊടുക്കേണ്ട ഒരു എണ്ണയാണ് എള്ളെണ്ണ.
എന്നിരുന്നാലും ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ എള്ളെണ്ണയിൽ ധാരാളമുണ്ടെങ്കിലും, അതിൽ കാലറി കൂടുതലാണ്. അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അനാവശ്യ ഫലങ്ങൾക്ക് കാരണമാകും. ആയതിനാൽ ഗുണങ്ങൾ ഏറെയുണ്ടെന്നു കരുതി അളവിൽ കൂടുതൽ ഉപയോഗിക്കരുത്.
















