മൂന്നാർ: മുംബൈ സ്വദേശിനിയായ യുവതി ജാൻവിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ടാക്സി ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും വാഹന പെർമിറ്റ് റദ്ദാക്കാനുമുള്ള നടപടികൾ ആരംഭിച്ചു.
മൂന്നാർ ഡിവൈഎസ്പി തയ്യാറാക്കിയ ശിപാർശ മോട്ടോർ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്.
അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ഡിവൈഎസ്പി ശിപാർശയിൽ വ്യക്തമാക്കി. ഇവരെ വിളിച്ചുവരുത്തി ഹിയറിംഗ് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം അന്തിമ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
സംഭവം മുംബൈ സ്വദേശിനിയായ ജാൻവിയും സുഹൃത്തുക്കളും ഓൺലൈനായി ബുക്ക് ചെയ്ത യൂബർ ടാക്സിയിൽ മൂന്നാറിലെത്തിയപ്പോഴാണ് നടന്നത്. കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷം അവർ മൂന്നാറിലേക്കാണ് യാത്ര ചെയ്തിരുന്നത്.
എന്നാൽ മൂന്നാറിൽ ഓൺലൈൻ ടാക്സികൾ നിരോധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ടാക്സി ഡ്രൈവർമാരുടെ സംഘം ഇവരുടെ വാഹനം തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യാത്ര തുടരുകയാണെങ്കിൽ “മൂന്നാറിലെ ടാക്സിയിലേ പോകാവൂ” എന്നായിരുന്നു ഭീഷണിയെന്നുമാണ് മൊഴി.
രണ്ട് ടാക്സികളും ഒരു ബൈക്കും ഉൾപ്പെടെ മൂന്നു വാഹനങ്ങളിലാണ് പ്രതികൾ സംഭവസ്ഥലത്ത് എത്തിയിരുന്നത്. ഈ വാഹനങ്ങളുടെയെല്ലാം പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിയും പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
യൂബർ ഡ്രൈവറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതി കൂടുതൽ പരാതിയില്ലെന്ന് കുടുംബാംഗങ്ങളിലൂടെ അറിയിച്ചതായി പൊലീസ് അറിയിച്ചു.
















