അബുദാബി: ഊർജ മേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള 1 മില്യൺ ഡോളർ ഹ്യൂമൻ എനർജി ഹെൽത്ത് ആൻഡ് വെൽബീയിങ് അവാർഡ് നോർവേയിൽ നിന്നുള്ള സ്റ്റാവഞ്ചർ സർവകലാശാലക്ക്. ആഗോള ഊർജമേഖലയിലെ തൊഴിലാളികളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സർവകലാശാലയുടെ നൂതന ആശയങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
ബുർജീൽ ഹോൾഡിങ്സും, റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങും പ്രൊമിത്യൂസ് മെഡിക്കൽ ഇന്റർനാഷണലിന്റെ പിന്തുണയോടെ നൽകുന്ന 1 മില്യൺ ഡോളർ (8.86 കോടി രൂപ) മൂല്യമുള്ള അവാർഡ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അഡിപെക് 2025-ൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ആർപിഎം ചെയർമാൻ ഒമ്രാൻ അൽ ഖൂരി എന്നിവരുടെ സാന്നിധ്യത്തിൽ യുഎഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന കമ്പനികൾക്കുള്ള ലോകത്തിലെ തന്നെ ആദ്യത്തെ അവാർഡാണിത്.
പുരസ്‌കാരം തൊഴിലാളികൾക്ക് സഹായമായ വിദൂര ഡയഗ്നോസ്റ്റിക് സംവിധാനത്തിന്
സ്റ്റാവഞ്ചർ സർവകലാശാല ലോകത്തിലെ ഏറ്റവും വലിയ ഓഫ്ഷോർ ഓപ്പറേറ്റർമാരിൽ ഒന്നായ ഇക്വിനോറുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്കാണ് പുരസ്കാരം. ഒറ്റപ്പെട്ട പരിതസ്ഥികളിൽ ജോലി ചെയ്യുന്നവരുടെ തത്സമയ ഡയഗ്നോസ്റ്റിക് ഇമേജിംഗ് വിദൂര നിയന്ത്രണത്തിലൂടെ നടത്തുന്നതാണ് സാങ്കേതിക വിദ്യ. റിഗ്ഗുകളിൽ ജോലിചെയ്യുന്നവർക്ക് അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ ഉണ്ടായാൽ എക്സ്റേ, സിടി സ്കാൻ, അൾട്രാസൗണ്ട് എന്നിവ ഉടൻ പൂർത്തിയാക്കാൻ ഈ വിദൂര സംവിധാനത്തിലൂടെ കഴിയും. തൊഴിലാളിക്ക് ഒപ്പമുള്ള നഴ്‌സിന് വിദൂര സംവിധാനത്തിലൂടെ വിദഗ്ധ മേൽനോട്ടം ലഭ്യമാക്കാൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷതയെന്ന് ജൂറി വിലയിരുത്തി. വിവിധ മേഖലകളിലേക്ക് ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാകും.

ഇന്ത്യ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും യുഎഇ ആസ്ഥാനമായുള്ള എൻഎംഡിസി ഗ്രൂപ്പും ജോലി സ്ഥലങ്ങളിലെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള അവരുടെ പ്രവർത്തങ്ങൾക്ക് ‘ഹൈലി കമൻഡഡ്’ വിഭാഗത്തിൽ പുരസ്കാരങ്ങൾ നേടി.
ഇന്ത്യയിലെ ഊർജ്ജ മേഖലയിൽ ആദ്യമായി ശാസ്ത്രാധിഷ്ഠിതമായ മാനസികാരോഗ്യ സംരംഭം തൊഴിലിടത്തിൽ നടപ്പിലാക്കിയതിനാണ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന് അവാർഡ് ലഭിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസുമായി സഹകരിച്ച് നടത്തിയ സംരംഭത്തിന്റെ ഭാഗമായി 4,400-ലധികം ജീവനക്കാരുടെ ഇടയിൽ സർവ്വേ നടത്തുകയും, അതിൽ നിന്നുള്ള കണ്ടെത്തലുകളെ അടിസ്ഥാനമാക്കി പരിഹാരങ്ങൾ നൽകുകയും ചെയ്തു.
പതിനായിരത്തോളമുള്ള ജീവനക്കാരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണക്കുന്നതിനായി തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ക്ലിനിക്കൽ സ്ക്രീനിംഗ്, വർഷം മുഴുവനും നീളുന്ന ആരോഗ്യ ക്യാമ്പയിനുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതി രൂപകൽപന ചെയ്തതിനാണ് എൻഎംഡിസി ഗ്രൂപ്പ് പുരസ്കാരം നേടിയത്.
“ഊർജ്ജ മേഖലയിലെ സ്ഥാപനങ്ങൾ ജീവനക്കാരുടെ മാനസികവും ആരോഗ്യപരവുമായ അഭിവൃദ്ധിക്കായി നടത്തുന്ന നിക്ഷേപങ്ങളിലൂടെ ഉൽപ്പാദനക്ഷമത, സുസ്ഥിരത, നവീകരണം എന്നിവ വർധിക്കുന്നതിന് തെളിവാണ് പുരസ്‌കാരത്തിനായി എത്തിയ പദ്ധതികളെന്ന് ഡോ. ഷംഷീർ പറഞ്ഞു. “ഊർജ മേഖലയിൽ തന്നെ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ കെൽപ്പുള്ള ഈ പരിഹാരങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്.”
ഗവേഷണങ്ങൾ പ്രകാരം വെല്ലുവിളികൾ ഏറെയുള്ള ഊർജ്ജ മേഖലയിലെ ഓഫ്ഷോർ, ഓൺഷോർ റിമോട്ട് ക്രമത്തിൽ ജോലി ചെയ്യുന്ന ഏകദേശം 40% തൊഴിലാളികൾക്കും ജോലിയിലായിരിക്കുമ്പോൾ ആത്മഹത്യാ ചിന്തകൾ അനുഭവപ്പെടാറുണ്ട്. ആഗോള ശരാശരിയായ 4-9% നേക്കാൾ വളരെ കൂടുതലാണിത്. ഇത്തരം മാനസികാരോഗ്യ വെല്ലുവിളികൾ മൂലം പ്രതിവർഷം 12 ബില്യൺ പ്രവൃത്തി ദിവസങ്ങൾ നഷ്ടപ്പെടുന്നുവെന്നും, ഉൽപ്പാദനക്ഷമത കുറയുന്നതുമൂലം സമ്പദ് വ്യവസ്ഥയ്ക്ക് ഏകദേശം 1 ട്രില്യൺ ഡോളർ നഷ്ടം ഉണ്ടാകുന്നുവെന്നുമാണ് കണക്ക്. ഹ്യൂമൻ എനർജി അവാർഡുകൾ നേടിയ സംരംഭങ്ങൾ ഇത്തരം വെല്ലുവിളികളെ തെളിവുകളുടെ അടിസ്ഥാനത്തിൽ, വിപുലീകരിക്കാവുന്ന രീതിയിൽ സമീപിക്കുന്നവയാണ്.
ലോകമെമ്പാടും നിന്ന് ലഭിച്ച നൂറിലധികം അപേക്ഷകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ജീവനക്കാരുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ചെലുത്തുന്ന സ്വാധീനം, നവീനത, സമഗ്രമായ സമീപനം, ജീവനക്കാരുടെ പങ്കാളിത്തം, ദീർഘ ദൃഷ്ടിയോടെയുള്ള സുസ്ഥിര രീതികൾ എന്നീ അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡ് വിലയിരുത്തിയത്. ആഗോള നേതാക്കളും, ഊർജ്ജ, ആരോഗ്യ, ക്ഷേമ മേഖലകളിലെ വിദഗ്ധരും ഉൾപ്പെടുന്ന സ്വതന്ത്ര അന്താരാഷ്ട്ര ജൂറിയാണ് വിലയിരുത്തൽ നടത്തിയത്.
ചടങ്ങിൽ റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് സിഇഒ ഡോ. റോഹിൽ രാഘവൻ, ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ, പ്രോമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ സിഇഒ സ്റ്റീവൻ വൈൻസ്, ആഗോള ഊർജ്ജ മേഖലയിലെ മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുത്തു.
















