മട്ടന്നൂർ: ഏറെനാളായി പ്രതീക്ഷിച്ചിരുന്ന ചാവശ്ശേരി–വെളിയമ്പ്ര കൊട്ടാരം റോഡ് നവീകരണ പ്രവൃത്തി ഔപചാരികമായി ആരംഭിച്ചു. ചാവശ്ശേരി ടൗൺ മുതൽ വെളിയമ്പ്ര കൊട്ടാരം വരെയുള്ള നാലു കിലോമീറ്റർ ദൂരം വരുന്ന റോഡിലാണ് ടാറിംഗ് പ്രവൃത്തി നടക്കുന്നത്.
എന്നാൽ, പ്രവൃത്തി ഉദ്ഘാടനം സംബന്ധിച്ച് സണ്ണി ജോസഫ് എം.എൽ.എയും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. നവകേരള സദസിൽ നൽകിയ അപേക്ഷയെ തുടർന്ന് റോഡിനുള്ള തുക അനുവദിച്ചതാണ്, എന്ന് നഗരസഭാധ്യക്ഷ കെ. ശ്രീലത വ്യക്തമാക്കുമ്പോൾ, താൻ തന്നെയാണ് അപേക്ഷ സമർപ്പിച്ച് തുക ഉറപ്പാക്കിയതെന്ന് എം.എൽ.എ സണ്ണി ജോസഫ് അവകാശവാദം ഉന്നയിച്ചു. ഇതാണ് ചടങ്ങിൽ വാദപ്രതിവാദത്തിനും സംഘർഷാവസ്ഥക്കും ഇടയാക്കിയത്.
നഗരസഭാധ്യക്ഷ കെ. ശ്രീലത പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻ കെ. സുരേഷ്, കെ. സോയ, സിപിഎം ലോക്കൽ സെക്രട്ടറി എം.പി. മനോജ് എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനം സമയത്ത് സിപിഎം പ്രവർത്തകർ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രകടനവും നടത്തി. ഈ റോഡിന്റെ നവീകരണം ഗതാഗതത്തിന് വലിയ ആശ്വാസമാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
















