കണ്ണൂർ: പഴയങ്ങാടി–വെങ്ങര റെയിൽവേ മേൽപാലത്തിന്റെ നിർമാണം വർഷങ്ങളായി നീളുന്നു. 2021 ഫെബ്രുവരി 6ന് വലിയ പ്രതീക്ഷകളോടെ ആരംഭിച്ച പ്രവൃത്തി, നാല് വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തത് ജനങ്ങളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പണി നീളുന്നതിനാൽ ഇപ്പോഴും വാഹനങ്ങൾ വെങ്ങര റെയിൽവേ ഗേറ്റ് വഴിയാണ് സഞ്ചരിക്കുന്നത്. ഇവിടത്തെ റെയിൽവേ ഗേറ്റ് മാസത്തിൽ രണ്ടുതവണയെങ്കിലും പണി മുടക്കും ഈ സമയങ്ങളിൽ സമീപത്തെ മറ്റ് റോഡുകളിൽ കൂടി ഏറെ ദൂരം സഞ്ചരിച്ച് വേണം സമീപത്തെ ടൗണുകളിലും മറ്റും എത്താൻ.
ഏഴിമല നേവൽ അക്കാദമിയിലേക്കുള്ള പ്രധാന മാർഗ്ഗവുമാണ് ഈ പാത. പാലം നിർമിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ച 21 കോടി രൂപയിൽ നിന്നുള്ള പ്രവൃത്തി താളം തെറ്റിയതോടെ, റോഡിന്റെ ഇരു റീച്ചുകളുടെയും നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. റെയിൽ പാത കടന്നുപോകുന്ന പ്രധാന ഭാഗത്തെ നിർമാണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. വർഷങ്ങളായി നീളുന്ന ഈ അനാസ്ഥക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിനാണ് ഒരുങ്ങുന്നത്.
















