മഹാരാഷ്ട്രയിലെ താനെയിൽ വൻ ലഹരിവേട്ട നടന്നു. കാറിൽ കടത്താൻ ശ്രമിച്ച 2.14 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ (എംഡി) പിടികൂടിയതായി പൊലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സെല്ലിലെ ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകുന്നേരം ചരായ് പ്രദേശത്തെ എംടിഎൻഎൽ ഓഫീസിന് സമീപത്ത് വെച്ച് ഒരു കാർ തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ, 2.14 കോടി രൂപ വിലമതിക്കുന്ന 1.716 കിലോഗ്രാം നിരോധിത സിന്തറ്റിക് ലഹരിപദാർഥമായ ‘മെഫെഡ്രോൺ’ കാറിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
മധ്യപ്രദേശ് സ്വദേശികളായ ഇമ്രാൻ എന്ന ബച്ചു കിസർ ഖാൻ (37), വകാസ് അബ്ദുൾറബ് ഖാൻ (30), തക്കുദ്ദീൻ റഫീഖ് ഖാൻ (30), കമലേഷ് അജയ് ചൗഹാൻ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ നാർക്കോട്ടിക് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
















