സേഫ്റ്റി പിൻ ഉപയോഗിക്കാത്ത സ്ത്രീകൾ വളരെ ചുരുക്കമായിരിക്കും. ചിലർ സാരി ഉടുക്കാനുള്ള ആവശ്യത്തിനായിരിക്കും, മറ്റു ചിലർ ബസിനുള്ളിലും മറ്റും ഉപദ്രവിക്കുന്ന സാമൂഹ്യ വിരുദ്ധർക്ക് നേരെയും സേഫ്റ്റി പിൻ പ്രയോഗിക്കാറുണ്ട്. വളരെ തുച്ഛമായ വിലയായതിനാൽത്തന്നെ മിക്കവരുടെയും കയ്യിൽ ഇത് ധാരാളമായുണ്ടാകും.
എന്നാൽ ഒരു സേഫ്റ്റി പിന്നിന് അരലക്ഷത്തിലധികം വിലയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ലക്ഷ്വറി ബ്രാൻഡായ പ്രാഡ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ‘ക്രോച്ചെ സേഫ്റ്റി പിൻ ബ്രൂച്ച്’ എന്ന് പേര് നൽകിയിരിക്കുന്ന ഈ ആഡംബര പിന്നിന്റെ വില 775 യുഎസ് ഡോളറാണ് (ഏകദേശം 68,758 രൂപ) വില.
ഗോൾഡൻ കളർ ത്രെഡിൽ മനോഹരമായി നെയ്ത് രൂപകൽപ്പന ചെയ്തതാണ് ഈ പിന്ന്. ഇളം നീല, പിങ്ക്, ഓറഞ്ച് നിറങ്ങളിൽ ലഭ്യമാണ്. ഒരു വശത്ത് പ്രാഡ എന്നെഴുതിയത് തൂക്കിയിട്ടിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയ്ക്ക് വഴിവച്ചു. പലർക്കും അതിശയപ്പെടുത്തുന്ന വിലയാണ് പ്രശ്നം, ചിലർ ഇതിന് പകരം ചെലവുകുറഞ്ഞ പതിപ്പുകൾ ഉപയോഗിക്കാമെന്നും അഭിപ്രായപ്പെടുന്നു. ചിലർക്ക് ഇത് പണക്കാർക്ക് മാത്രമേ അനുയോജ്യമാകൂ എന്നാണ് അഭിപ്രായം.
സാധാരണ വസ്തുവിന്‍റെ ചെലവും, പ്രാഡയുടെ ആഡംബര പരിഷ്കാരവും തമ്മിലുള്ള വ്യത്യാസം ആളുകളെ അതിശയിപ്പിക്കുകയാണ്.
















