വിവാഹ സ്വപ്‌നങ്ങളും കായികക്ഷമതയിലുള്ള അർപ്പണബോധവുമായി ജീവിതം മുന്നോട്ടുകൊണ്ടുപോയ 28-കാരനായ ഒരു യുവാവ്, പെട്ടന്ന് ഒരു ദിവസം പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. തൃശൂർ ഒന്നാംകല്ലിലെ ഫിറ്റ്‌നസ് പരിശീലകനായ മാധവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ നടുക്കിയിരിക്കുകയാണ്. ഹൃദയാഘാതമാകാം ജീവൻ കവർന്നെടുത്തതെന്നാണ് പ്രാഥമിക നിഗമനം.
തൃശൂർ ഒന്നാംകല്ല് സ്വദേശിയും മണി-കുമാരി ദമ്പതികളുടെ മകനുമായ മാധവ്, പ്രദേശത്തെ അറിയപ്പെടുന്ന ഫിറ്റ്‌നസ് പരിശീലകനായിരുന്നു. ആരോഗ്യസംരക്ഷണത്തിൽ അതീവ ശ്രദ്ധാലുവും മറ്റുള്ളവർക്ക് പ്രചോദനവുമായിരുന്നു ഈ 28-കാരൻ. ദിവസവും വെളുപ്പിന് കൃത്യം നാല് മണിക്ക് തന്നെ ഫിറ്റ്‌നസ് സെന്ററിലേക്ക് പോകുന്നതായിരുന്നു മാധവിന്റെ പതിവ്. എന്നാൽ, ഇന്ന് (ബുധനാഴ്ച) നാലര കഴിഞ്ഞിട്ടും മകനെ കാണാതിരുന്നതോടെ അമ്മ കുമാരിക്ക് ആശങ്കയായി. വീട്ടിൽ അമ്മയും മാധവും മാത്രമാണ് താമസിച്ചിരുന്നത്.
മുറിയിൽ അനക്കമില്ലാതെ വന്നതോടെ അയൽവാസികളുടെ സഹായം തേടി വാതിൽ തള്ളിത്തുറന്നു. കിടപ്പുമുറിയിലെ കട്ടിലിൽ അനക്കമില്ലാത്ത നിലയിൽ മാധവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പ്രാഥമികമായി ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.
ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് മാധവ് വിടവാങ്ങുന്നത്. അടുത്ത മാസം വിവാഹമുറപ്പിക്കാനിരിക്കുകയായിരുന്നു ഈ യുവാവ്. ആഴ്ചകൾക്കുള്ളിൽ ഒരു കുടുംബനാഥന്റെ ഉത്തരവാദിത്തത്തിലേക്ക് കടക്കേണ്ടിയിരുന്ന മകന്റെ മൃതദേഹത്തിന് മുന്നിൽ പകച്ചുനിൽക്കുന്ന മാധവിന്റെ അമ്മയുടെ ദുഃഖം നാടിനെ കണ്ണീരിലാഴ്ത്തുന്നു.
ഇത്രയധികം ആരോഗ്യത്തിൽ ശ്രദ്ധിച്ചിരുന്ന ഒരാൾക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല. മാധവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നാട് മുഴുവൻ വേദനയിലാണ്.
















