ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത താരമാണ് ക്രിക്കറ്റ് താരം വിരാട് കോലി. ഭക്ഷണക്രമത്തിലും പതിവ് വ്യായാമങ്ങളിലും വളരെയധികം ശ്രദ്ധ കൊടുക്കുന്ന താരം കൂടിയാണ് വിരാട്. ഇപ്പോഴിതാ താരത്തിന്റെ ഫിറ്റ്നെസ് രഹസ്യം ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്.
‘ഫിറ്റ്നെസിന്റെ കാര്യത്തിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണമായിരുന്നുവെന്ന് കോലി സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ശാരീരികമായി കഠിനാധ്വാനം ചെയ്യാൻ കഴിയും. എന്നാൽ, ശരിയായ ഭക്ഷണം കഴിക്കുന്നത് മനസ്സുമായി ബന്ധപ്പെട്ട വിഷയമാണ്. ക്രേവിങ്ങ്സ് നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തിയേക്കാം. ഒരേ ഭക്ഷണം ദിവസവും മൂന്ന് നേരം വെച്ച് ആറുമാസത്തോളം കഴിക്കാൻ എനിക്ക് സാധിക്കും.
ഭക്ഷണത്തിൻ്റെ 90 ശതമാനവും ഉപ്പും കുരുമുളകും നാരങ്ങയും മാത്രം ചേർത്ത് ആവിയിൽ പുഴുങ്ങിയതോ തിളപ്പിച്ചതോ ആയ ഭക്ഷണങ്ങളാണ്. രുചിയുടെ പിന്നാലെ പോകുന്ന ആളല്ല ഞാൻ. ശരീരത്തിന് എന്താണ് നല്ലത് എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെറിയ ഡ്രസ്സിംഗോടു കൂടിയ സാലഡുകളും അല്പം ഒലിവ് ഓയിൽ ചേർത്ത പാൻ-ഗ്രിൽഡ് വിഭവങ്ങളും ആസ്വദിക്കാറുണ്ട്. കറികൾ ഒഴിവാക്കാറുണ്ടെങ്കിലും ദാൽ കഴിക്കും. ഒരു പഞ്ചാബി എന്ന നിലയിൽ എനിക്ക് രാജ്മയും ലോബിയയും ഒഴിവാക്കാൻ സാധിക്കില്ല’, വിരാട് പറഞ്ഞു.
2018-ൽ അസിഡിറ്റിയും ഉയർന്ന യൂറിക് ആസിഡുമായി ബന്ധപ്പെട്ട പ്രശ്നവും വിരാടിനെ ബാധിച്ചിരുന്നു. എല്ലുകളിൽ കാൽസ്യത്തിൻ്റെ അളവ് കുറയുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഈ സമയത്താണ് അദ്ദേഹം മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരത്തിലേക്ക് മാറാൻ തീരുമാനിക്കുന്നത്. എന്നാൽ, തികഞ്ഞ വീഗന്‍ അല്ല കോലി. തൻ്റെ ഭക്ഷണത്തിൽ ഇപ്പോഴും ചില പാൽ ഉത്പ്പന്നങ്ങൾ ഉൾപ്പെടുത്താറുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
















