കേരളത്തിലെ സമസ്ത മേഖലയിലും ആശ്വാസത്തിൻ്റെ കിരണമെത്തിക്കാൻ കേരള സർക്കാർ ശ്രമിക്കുമ്പോൾ KSRTC തൊഴിലാളികളെ മാത്രം നിരന്തരം അവഗണിക്കുന്ന സമീപനത്തിൽ നിന്ന് പിൻവാങ്ങണമെന്നും അടിസ്ഥാന ശമ്പളം മാത്രം വാങ്ങി ഇങ്ങനെ തൊഴിലെടുക്കാൻ സാധിക്കില്ലെന്നും AITUC സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു.
മറ്റെല്ലാ മേഖലക്കും നൽകുന്ന പരിഗണന KSRTC തൊഴിലാളികൾക്കും നൽകാൻ അടിയന്തിര തീരുമാനമുണ്ടാകണം. പൂജ്യം ശതമാനം ക്ഷാമബത്ത എന്നത് ഇടത് സർക്കാരിന് അപമാനകരമായ സാഹചര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിൽ മറ്റെല്ലാ വിഭാഗത്തിലും 22 ശതമാനം ലഭിക്കുമ്പോഴാണ് KSRTC യിൽ മാത്രം ഈ ദുർഗതി അനുഭവിക്കേണ്ടി വരുന്നത്.
ശരാശരി പ്രതിദിന വരുമാനം 7 കോടിയും പ്രത്യേക ദിവസങ്ങളിൽ 10 കോടി രൂപക്ക് മുകളിലും വരുന്നത് തൊഴിലാളികളുടെ അദ്ധ്വാനത്തിൻ്റെ വിലയാണെന്ന് മാനേജ്മെൻ്റും സർക്കാരും മറന്നുപോകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, തടഞ്ഞു വച്ചിരിക്കുന്ന ആശ്രിത നിയമനം നടത്തുക, അശാസ്ത്രീയമായ ഡ്യൂട്ടി വെട്ടിക്കുറക്കൽ നടപടി പിൻവലിക്കുക, തടഞ്ഞു വച്ചിരിക്കുന്ന പ്രമോഷനുകൾ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ വിഹിതം ഒടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (AITUC) സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
AITUC സംസ്ഥാന പ്രസിഡൻ്റ് ടി.ജെ ആഞ്ചലോസ്, യൂണിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ, AITUC സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ജോർജ് തോമസ്, വർക്കിംഗ് പ്രസിഡൻ്റ് എം.ശിവകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന ഭാരവാഹികളായ കെ. മനോജ് കുമാർ, എ.വി ഉണ്ണികൃഷ്ണൻ, എം.റ്റി. ശ്രീലാൽ, സന്തോഷ് കണ്ണൻ , പി.വി ചന്ദ്രബോസ്, സി. ഷാജു, വി.പി. ബാബുരാജ് അജ്മൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
CONTENT HIGH LIGHTS; Don’t pretend that the government doesn’t see KSRTC workers: KP Rajendran
















