ചിക്മഗളൂര്: ചിക്മഗളൂരിൽ കുട്ടികളുമായി ടൂറ് പോയപ്പോൾ തമിഴ്നാട്ടിൽ നിന്നെത്തിയ അധ്യാപകരിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ അനു പാപ്പച്ചന്‍. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് നേരിട്ട ദുരനുഭവം അവർ വെളിപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…
ചിക് മഗളൂരിൽ കുട്ടികളുമായി പോകുന്നത് ഇത് ആദ്യത്തെ വട്ടമല്ല.. വീട്/കൂട്ടുകാർ യാത്രകളെപ്പോലെയല്ല.താമസം, ഭക്ഷണം, യാത്ര സ്പോട്ടുകൾ, സമയം ഇവയിലൊക്കെ നിരവധി പരിമിതികൾ ഉണ്ടാവാറുണ്ട്. കുട്ടികളുടെ ബഡ്ജറ്റിനോട് ചേർന്ന് വരുന്ന പാക്കേജുകൾ അവർ തന്നെയാണ് തിരഞ്ഞെടുക്കാറ്. എങ്കിലും സാമാന്യം ഭേദപ്പെട്ട ഭക്ഷണവും സുരക്ഷിതവുമായ താമസവും ഉറപ്പുവരുത്താറുണ്ട്.
പക്ഷേ താമസവും ഭക്ഷണവും ഒക്കെ ഭേദപ്പെട്ട് കിട്ടിയിട്ടും വിചിത്രമായ ഒരനുഭവം ഇന്ത്യ മഹാരാജ്യത്ത് നിന്ന് അനുഭവിക്കാൻ യോഗമുണ്ടായത് പങ്കുവക്കയാണ്. ചിക് മഗളൂർ ട്രെക്കിങ്ങ് പോയിൻ്റിൽ പോകുന്നതിന് തൊട്ടു മുന്നേ ഉച്ചഭക്ഷണത്തിനായി ഞങ്ങൾക്കായി അറേഞ്ച് ചെയ്ത സ്ഥലത്തെത്തി. ( വർഷങ്ങൾക്കു മുൻപും ഇതേ സ്ഥലത്തു തന്നെ) ഭക്ഷണം ഒരു ഹോട്ടലിൽ നിന്ന് തയ്യാറാക്കി വരുത്തി ബുഫേ മോഡലിൽ താഴെ നിന്ന് വാങ്ങി മുകളിലെ നിലയിൽ പോയിരുന്ന് കഴിക്കുന്ന തരത്തിലാണ്. ഞങ്ങൾ 12.45 ഓടെ ആദ്യമെത്തി. പല ദേശങ്ങളിൽ നിന്നായി ഏതാണ്ട് 600 പേർ അന്നുച്ചക്ക് അവിടെ ഉണ്ടാകുമെന്നറിഞ്ഞുതന്നെ ക്യൂവിൽ ആദ്യം നില്ക്കാൻ എത്തിയതാണ്. ഞങ്ങൾക്കു പിന്നാലെ കോഴിക്കോട് നിന്ന് രണ്ടു സ്കൂളുകൾ. പിന്നാലെ വേറെ സ്കൂളുകൾ.കാത്തുനിന്ന് ഏതാണ്ട് മടുത്തു, ഒടുക്കം2 മണിക്കാണ് ഭക്ഷണം വണ്ടിയിലെത്തിയത്. അങ്ങനെ ക്യൂനിന്നും വിശന്നും ക്ഷീണിതരായി ഞങ്ങളുൾപ്പെടെ മുതിർന്ന കുട്ടികളും പ്ലസ് ടു കുട്ടികളും നില്ക്കുമ്പോൾ ഒരു കൂട്ടർ എത്തി. 2 ടീച്ചർമാരും 2 മാഷമ്മാരും കുറച്ചു പെൺകുട്ടികളും. തമിഴ്നാട്ടിൽ നിന്നാണ് ടീം.
അവർ ആരെയും മൈൻഡ് ചെയാതെ ഓടി വന്ന് ഞങ്ങളുടെ ക്യൂവിന് മുന്നിലേക്കെത്തി. ഞങ്ങളും കോഴിക്കോടത്തെ മാഷമ്മാരും കാര്യം പറഞ്ഞു. ഇതാണ് ക്യൂ. പിറകിൽ പോയി നില്ക്കേണ്ടി വരും. അതൊന്നും അവർ ശ്രദ്ധിക്കുന്നില്ല. ടീച്ചർമാരായി മുന്നിലവതരിച്ച സ്ത്രീകൾ അവരുടെ കുട്ടികളെ മുകളിലേക്ക് പറഞ്ഞയച്ചിട്ട് ഞങ്ങളോട് ഇംഗ്ലിഷിലും തമിഴിലും കന്നഡയിലുമായി
“ഞങ്ങൾ ബ്രാഹ്മണരാണ്. ഞങ്ങൾ കഴിച്ചിട്ടേ നിങ്ങൾക്ക് കഴിക്കാനാവൂ. അല്ലേൽ ഞങ്ങളുടെ ശുദ്ധി നഷ്ടപ്പെടും. നിങ്ങൾ കേരളക്കാർ നോൺ വെജ് കഴിക്കുന്നവരല്ലേ? നിങ്ങളുടെ ഒപ്പം ഞങ്ങളിൽ 8 പേർക്ക് കഴിക്കാൻ പറ്റില്ല. നിങ്ങൾ മുകളിൽ പോയിരുന്നു കഴിച്ചാൽ ഞങ്ങൾക്കവിടെ കയറാൻ പറ്റില്ല ”
ആദ്യം ചിരിയാണ് വന്നത്. വെജും നോൺ വെജും ഒരേ സ്ഥലത്തു നിന്നുണ്ടാക്കി ഒരു വണ്ടിയിൽ ഒന്നിച്ചു കൊണ്ടുവന്നു അവിടെ വച്ചിരിക്കയാണ്.അപ്പോഴാണ് പെണ്ണുമ്പിള്ളയുടെ ചിലപ്പ്.
റോസിമാർക്ക് ഇഷ്ടമില്ലെങ്കിൽ റോസിമാർ പൊക്കോളൂ എന്ന തമാശമട്ടിൽ ഞങ്ങളാദ്യം നിന്നു. പക്ഷേ പിന്നെ രംഗം മാറി .
ആദ്യം വന്ന ഞങ്ങൾക്ക് പ്ലേറ്റ് നല്കി ഭക്ഷണം വിളമ്പിത്തുടങ്ങുന്ന ഘട്ടത്തിൽ അവർ ബഹളമുണ്ടാക്കാൻ തുടങ്ങി. അവിടെയുള്ളവരെ ചീത്ത, ഞങ്ങളെ നികൃഷ്ടരെന്ന പോൽ ആക്ഷേപം.
കുട്ടികളോട് ഞങ്ങൾ പറഞ്ഞു: നായ്ക്കള് കുരച്ചു പൊക്കോട്ടെ. നിങ്ങൾ വാങ്ങി മുകളിലേക്ക് പൊക്കോ .അതു കേട്ടതും
ഈ രണ്ടു ശുദ്ധവാദിനികൾ ആ കോണിയിൽ കയറി വട്ടം നിന്നു. ഭക്ഷണവുമായി മുന്നോട്ട് വന്ന കുട്ടികളെ തടഞ്ഞു.അതേ ഉളുപ്പില്ലാത്ത ജാതിവർത്താനം..
വലിച്ചിടാൻ ആർക്കും തോന്നും. പക്ഷേ സംയമനം പാലിച്ചു. പക്ഷേ
അത്രേം സഹിച്ച പോലല്ലല്ലോ
നേരത്തെ തന്നെ വിശന്നും തളർന്നും പണ്ടാരടങ്ങിയ പെൺകുട്ടികൾ അതോടെ സടകുടഞ്ഞെഴുന്നേറ്റു.
“ഞങ്ങൾ ആദ്യം വന്ന് ക്യൂ നിന്ന് ഭക്ഷണം വാങ്ങിയെങ്കിൽ അതവിടെയിരുന്ന് കഴിച്ചിട്ടേ പോകൂ. മര്യാദയെങ്കിൽ മര്യാദ. മാറിപ്പോ
എന്ന് അവർക്കറിയാവുന്ന അത്രയും പഞ്ചിൽ അവർ ഒച്ചത്തിൽ പറഞ്ഞു.
ഇറങ്ങിപ്പോടീ എന്ന് ഏതാണ്ടതേ ഇംഗ്ലിഷിൽ.
ഉടനെ തള്ളമാര് ഞങ്ങളോട്,
“ഇങ്ങനെയാണോ സ്റ്റുഡൻസിനെ പഠിപ്പിച്ചിരിക്കുന്നത്. ടീച്ചർമാരോട് ഒച്ച വക്കാൻ. ടീച്ചർമാരെ അപമാനിക്കാൻ .ഞങ്ങളെയോർത്ത് ലജ്ജിക്കുന്നെന്ന്.”
ഞങ്ങൾ പറഞ്ഞു. ഒച്ചയും പ്രതിഷേധവും വേണ്ട സ്ഥലത്ത് മിണ്ടാതിരിക്കാനല്ല, ഒച്ച വക്കാൻ കൂടിയാണ് ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്.ആദ്യം നിങ്ങൾ ഇപ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദവും അതിലെ ജാതി മാലിന്യത്തുപ്പലും നിർത്ത്.
ഉടനെ അടുത്ത കാർഡിറക്കി
ഞങ്ങൾ സ്ത്രീകളാണ്.സ്ത്രീകൾക്ക് പ്രയോരിറ്റി വേണം .രാജ്യത്ത് അങ്ങനെയാണ്
“ങ്ങേ. !!
ഞങ്ങൾ ഞങ്ങളെത്തന്നെ നോക്കി. ഞങ്ങൾ പിന്നെയാരാ?”
വഴക്കങ്ങനെ തുടർന്നു.നീണ്ടു.
ഒടുവിൽ അവർ അവരുടെ സംഘാടകരോട്
ഞങ്ങൾ ഭക്ഷണം ബഹിഷ്കരിക്കുന്നു എന്ന ഷോയായി. മേലാൽ തമിഴ്നാട്ടിൽ നിന്ന്
ആരും ടിപ്പ് വരില്ല എന്ന ഭീഷണി മട്ടാണ്. 30 കിലോമീറ്റർ ചുറ്റളവിൽ തിന്നാൻ ഒന്നും കിട്ടില്ല എന്ന് അവിടെ നിന്ന് ചെവിയിൽ കേട്ടതോടെ
“ഞങ്ങളുടെ വെജ് ഭക്ഷണം അവിടെ നിന്ന് മാറ്റൂ ” എന്ന അലമുറ..
അത്രയും നേരം ഞങ്ങളുടെ ചിക്കനോടു തൊട്ടുരുമ്മിയിരുന്ന പനീർകറിയും ഗുലാബ് ജാമും ആരോ വലിച്ചെടുത്ത് കൊണ്ടുപോയി. തള്ളാരും കുഞ്ഞുങ്ങളും കൂടി ഒടുവിൽ താഴെത്തന്നെയുള്ള ഒരിടത്തേക്ക് മാറി. അവിടെ ഇരിപ്പിടമില്ല. നിന്നു കഴിക്കണം(ആ ശുദ്ധിയുള്ള സ്ഥലത്ത് നല്ല മൂത്രമണമാണ്!! ) ജാതി തോറ്റു കൊടുക്കാൻ വയ്യല്ലോ!
ഒടുവിൽ 3.30 മണിക്ക്
ഞങ്ങളും ഞങ്ങളുടെ പിന്നാലെ നിന്ന കോഴിക്കോട്ടുകാരും മുകളിൽ പോയി ഒന്നിച്ചിരുന്നു കഴിച്ചു. ചിലർ വെജ്.ചിലർ നോൺ വെജ്. നമ്മുടെ നാടിൻ്റെ ബഹുസ്വരത ആഘോഷിച്ചു കൊണ്ട് കോഴിക്കോടൻ ഭാഷയും തൃശൂർ ഭാഷയും പങ്കുവച്ചു.
സ്നേഹവും –
എങ്കിലും യു-ടേൺ അടിച്ചുള്ള രാജ്യത്തിൻ്റെ പോക്ക് ഓർത്ത് ചില്ലറയല്ലാത്ത ആധിയും വ്യാധിയും ഉണ്ട്.
















