ചണ്ഡീഗഡിൽ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് പഞ്ചാബിന് മുന്നിൽ കനത്ത പരാജയം. ഒരു ഇന്നിങ്സിനും 37 റൺസിനുമാണ് പഞ്ചാബ് ആധികാരിക വിജയം സ്വന്തമാക്കിയത്. കേരളത്തിൻ്റെ ഇരു ഇന്നിങ്സുകളിലെയും മോശം പ്രകടനമാണ് ടീമിന് തിരിച്ചടിയായത്. ആദ്യ ഇന്നിങ്സിൽ 202 റൺസിന് പുറത്തായ കേരളത്തിനെതിരെ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 438 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ 236 റൺസിൻ്റെ വലിയ ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാം ഇന്നിങ്സിൽ 199 റൺസെടുക്കാനേ സാധിച്ചുള്ളൂ.
അവസാന ദിവസം ആറ് വിക്കറ്റിന് 131 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 105 റൺസ് കൂടി ആവശ്യമായിരുന്നു. എന്നാൽ, ക്യാപ്റ്റൻ അഭിജിത് പ്രവീൺ ഒരുവശത്ത് ഉറച്ചുനിന്നെങ്കിലും മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല. വിജയ് വിശ്വനാഥും (7 റൺസ്), കൈലാസ് ബി. നായരും (4 റൺസ്) ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും പെട്ടെന്ന് പുറത്തായത് കേരളത്തിൻ്റെ തകർച്ചയ്ക്ക് വേഗം കൂട്ടി.തുടർന്നെത്തിയ അനുരാജും പവൻരാജും വേഗത്തിൽ മടങ്ങിയതോടെ കേരളത്തിൻ്റെ രണ്ടാം ഇന്നിങ്സ് 199 റൺസിൽ അവസാനിച്ചു.
അഭിജിത് പ്രവീണിൻ്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിന് ആശ്വാസമായത്. 10 ബൗണ്ടറികളോടെ 74 റൺസ് നേടി അദ്ദേഹം പുറത്താകാതെ നിന്നു. കേരളത്തിൻ്റെ ടോപ് സ്കോററും അഭിജിത് തന്നെയായിരുന്നു. മറുവശത്ത്, പഞ്ചാബിന് വേണ്ടി ഹർജാസ് സിങ് ടണ്ഡൻ, ഇമൻജ്യോത് സിങ് ചഹൽ, ഹർഷദീപ് സിങ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. സമഗ്രമായ ഈ പ്രകടനത്തിലൂടെയാണ് പഞ്ചാബ് കൂറ്റൻ വിജയം സ്വന്തമാക്കി ടൂർണമെൻ്റിൽ കരുത്ത് തെളിയിച്ചത്.
















