സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലിയുടെ യാത്രകൾക്ക് ഇനി പുതിയ കൂട്ട്. റോൾസ് റോയ്സിന്റെ ഏക ഇലക്ട്രിക് വാഹനമായ സ്‌പെക്ടറാണ് ആണ് താരം സ്വന്തമാക്കിയത്. ഏകദേശം 7.50 കോടി രൂപ വില വരുന്ന സ്‌പെക്ടറിന്റെ സ്റ്റാൻഡേർഡ് മോഡലാണ് ആറ്റ്ലി ഗ്യാരേജിലെത്തിച്ചത്. ഡയമണ്ട് ബ്ലാക്ക് നിറമാണ് ആറ്റ്ലി തിരഞ്ഞെടുത്തത്.
രണ്ടു വേരിയന്റുകളിൽ ലഭ്യമാകുന്ന ഈ ഇ വിയുടെ ബ്ലാക്ക് ബാഡ്ജിനു ഏകദേശം 9.96 കോടിയാണ് വില. ആഡംബര സൗകര്യങ്ങളിൽ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്പെക്ടറിൽ 102 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോൾസ് റോയ്സ് നിരയിലെ 530 കിലോമീറ്റർ റേഞ്ച് നൽകുന്ന കാറിൽ 585 എച്ച്പി കരുത്തും 900 എൻഎം ടോർക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് ഉപയോഗിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്‌പെക്ടറിൽ. 2890 കിലോഗ്രാം ഭാരമുള്ള ഈ കാറിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ് മതി. 195 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ വെറും 34 മിനിറ്റിൽ 10 ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. പുതിയ ഫാന്റവും കള്ളിനനും നിർമിച്ച ഓൾ അലുമിനിയം സ്പേസ് ഫ്രെയിം പ്ലാറ്റ്ഫോമിലാണ് സ്പെക്ടറിന്റെ നിർമാണം. നാലു വീൽ ഡ്രൈവ്, ആക്ടീവ് സസ്പെൻഷനും വാഹനത്തിലുണ്ട്.
അൾട്രാ ലക്ഷ്വറി സൂപ്പർകൂപ്പേ വിഭാഗത്തിൽ എത്തുന്ന രണ്ടു ഡോർ ഇലക്ട്രിക് കാറിൽ ആഡംബര ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട്. റീഡിസൈൻ ചെയ്ത സ്പിരിറ്റ് ഓഫ് എക്സ്റ്റസിയാണ് മുന്നിൽ. ഫാന്റം കൂപ്പെയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹെഡ്‌ലാംപ്. ഇലുമിനേറ്റഡ് എൽഇഡി ലൈറ്റുകളുള്ള ഗ്രിൽ, നേർരേഖ പോലുള്ള എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകൾ, ആർആർ ലോഗോയുള്ള വീലുകൾ, മനോഹരമായ പിൻഭാഗം എന്നിവ സ്പെക്ടറിലുണ്ട്. ഡ്യുവൽ ടോണിലാണ് ഇന്റീരിയർ. റോൾസ് റോയ്സിന്റെ മറ്റു വാഹനങ്ങൾ പോലെ തന്നെ സ്റ്റാർ ലൈറ്റ് റൂഫാണ് ഇന്റീരിയറിൽ. ഡോർ പാഡുകളിലും സ്റ്റാർ ലൈറ്റ് നൽകിയിട്ടുണ്ട്.
















