ഹൈദരാബാദ്: നല്ല റോഡുകൾ അപകടം വർധിക്കാൻ കാരണമാകുമെന്ന വിവാദ പരാമർശം നടത്തി ബിജെപി എംപി. തെലങ്കാനയിലെ ചെവെല്ല എംപിയായ കോണ്ടാ വിശ്വേശ്വർ റെഡ്ഡിയാണ് ബസ് അപകടത്തിന് പിന്നാലെ വിവാദ പരാമർശം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ചെവെല്ലയിൽ ടിപ്പർ ലോറി ബസിൽ ഇടിച്ച് 19 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് റെഡ്ഡി വിവാദ പരാമർശം.
റോഡുകൾ മോശമാകുമ്പോൾ ആളുകൾ വേഗത കുറച്ച് വാഹനമോടിക്കും, അപ്പോൾ അപകടം കുറയും. എന്നാൽ റോഡുകൾ നല്ലതാകുമ്പോൾ വേഗത കൂടുകയും തത്ഫലമായി അപകടം വർധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച വിശ്വേശർ റെഡ്ഡി റോഡ് നിർമാണത്തിന് സ്ഥലമേറ്റെടുക്കാൻ വൈകിയതിൽ ബിആർഎസ് സർക്കാരിനെ വിമർശിച്ചു. എംപിയായപ്പോൾ റോഡുകൾ നവീകരിക്കണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ വിഷയത്തിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും റെഡ്ഡി പറഞ്ഞു.
നൈസാം കാലഘട്ടത്തിലാണ് ഈ റോഡ് നിർമിച്ചതെന്നും എംപി എന്ന നിലയിൽ ഇത് മെച്ചപ്പെടുത്തണമെന്ന് താൻ നേരത്തെ ആവശ്യപ്പെട്ടിട്ടും അന്ന് പണികൾ മുന്നോട്ട് പോയില്ലെന്നും റെഡ്ഡി പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് ശേഷം 2016ൽ ഹൈവേയെ ദേശീയ പാതയായി പ്രഖ്യാപിച്ചെങ്കിലും ബിആർഎസ് സർക്കാരിന് കീഴിൽ ഭൂമി ഏറ്റെടുക്കൽ അഞ്ച് വർഷത്തേക്ക് സ്തംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
















