മനില: ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്. മധ്യ ഫിലിപ്പീൻസിൽ ആഞ്ഞടിച്ച കൽമേഗി ചുഴലിക്കാറ്റിൽ 66 പേര് മരിച്ചു. 26ഓളം പേരെ കാണാതായി. സെബു പ്രവിശ്യയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സെബു പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ആളുകള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാറും ട്രക്കും കണ്ടെയ്നറുകളും ഉള്‍പ്പെടെയുള്ളവ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി.
അഗുസാൻ ഡെൽ സുർ പ്രവിശ്യയിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട വ്യോമസേനയുടെ ഹെലികോപ്ടർ തകർന്നുവീണ് ആറു പേർ മരിച്ചു. സെബുവിൽ 79 പേരുടെ ജീവനെടുത്ത 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽനിന്ന് കരകയറുന്നതിനിടെയാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.
ദുരന്തത്തിൽ യു.എസ് അനുശോചനം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കൽമേഗി ചുഴലിക്കാറ്റ് വിയറ്റ്നാമിലേക്കും തായ്ലൻഡിലേക്കും നീങ്ങിത്തുടങ്ങി.
നാല് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഓഫീസിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ റാഫേലിറ്റോ അലജാന്‍ഡ്രോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചുഴലിക്കാറ്റ് വിയറ്റ്നാമിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ വിയറ്റ്നാമില്‍ കനത്ത മഴയാണ്.
















