സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വേഗത്തിലാക്കാന്‍ നീക്കം. എന്യൂമറേഷന്‍ ഫോം വിതരണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കി. വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ രാത്രിയിലും ബിഎല്‍ഒമാര്‍ വീടുകളിലെത്തി ഫോം വിതരണം ചെയ്യണം. ചീഫ് ഇലക്ടറല്‍ ഓഫീസറും ജില്ലാ കളക്ടര്‍മാരും ബിഎല്‍ഒമാരോടൊപ്പം വീടുകള്‍ സന്ദര്‍ശിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. അതേസമയം, എസ്‌ഐആറിനെ സര്‍ക്കാര്‍ നിയമപരമായി ചോദ്യം ചെയ്യും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് എതിരെ തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ച മാതൃക സ്വീകരിക്കണമെന്ന സര്‍വകക്ഷി യോഗത്തില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. ബിജെപി ഒഴികെയുളള എല്ലാ രാഷ്ട്രീയ കക്ഷികളും നിയമനടപടിയോട് യോജിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്‌ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.നിയമോപദേശം ലഭിച്ച ശേഷം നിയമനടപടി തുടങ്ങാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.
STORY HIGHLIGHT: Move to expedite SIR in the state
















