ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയയാളുടെ മൃതദേഹാവശിഷ്ടങ്ങൾ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ബിഹാർ സ്വദേശിയായ മുഹമ്മദ് ഇസ്രായേൽ അക്ബറലി അൻസാരിയാണ് കൊല്ലപ്പെട്ടത്. 2015 ൽ റൂബിയുമായി പ്രണയത്തിലായതിനു പിന്നാലെ മുഹമ്മദ് ഇസ്രയേൽ ബിഹാറിൽ നിന്ന് അഹമ്മദാബാദിലേക്ക് താമസം മാറ്റുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്.
റൂബിയും ഇമ്രാൻ അക്ബർഭായ് വഗേല എന്ന യുവാവും തമ്മിലുള്ള പ്രണയബന്ധത്തിൽ ഭർത്താവായ മുഹമ്മദ് തടസമാകുന്നുവെന്ന് കണ്ടതോടെയാണ് കൊലപാതകം. മുഹമ്മദ് ഭാര്യയെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു എന്നും പൊലീസ് പറയുന്നു. റൂബിയും ഇമ്രാനും മറ്റ് രണ്ടുപേരും ചേർന്ന് മുഹമ്മദിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുക്കളയിലെ തറ പൊളിച്ചപ്പോൾ എല്ലുകളും മുടിയും ഉൾപ്പെടെയുള്ളവ കണ്ടെത്തി. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്, റൂബിയേയും മറ്റ് രണ്ട് പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വീടിന്റെ അടുക്കളയിൽ കുഴിയെടുത്ത ശേഷം സിമന്റും ടൈലുകളും കൊണ്ട് മൃതേദഹം മൂടി. ഒരു വർഷത്തിനുശേഷം, ക്രൈംബ്രാഞ്ച് കാമുകനായ ഇമ്രാനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ അദ്ദേഹം കുറ്റം സമ്മതിക്കുകയുമായിരുന്നു.
















