യുഎസിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് അടി പതറിയത് സ്ഥാനാർഥിയായി താൻ രംഗത്തില്ലാതെ പോയതുകൊണ്ടാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോൺഗ്രസ് അംഗീകാരമില്ലാതെ ഫണ്ടിങ് മുടങ്ങിയതുമൂലമുള്ള ഭരണസ്തംഭനവും റിപ്പബ്ലിക്കൻ തോൽവിക്ക് കാരണമായതായി അദ്ദേഹം അവകാശപ്പെട്ടു. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ട്രംപ് പ്രതികരിച്ചത്.
ന്യൂയോർക്ക് മേയറായി ഇന്ത്യൻ വംശജനായ സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനി വിജയം പ്രഖ്യാപിച്ച് പ്രസംഗം തുടങ്ങിയ ഉടൻ തന്നെ ട്രംപ് പരിഹാസരൂപേണ പ്രതികരിച്ചു. “ദാ തുടങ്ങുന്നു” എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.
മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്തും യുഎസ് രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന്റെ സൂചനയുമാണ് ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിലെ മേയർ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തൽ.
















