ഗൾഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ച കുവൈത്തിലെത്തും. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും ഒപ്പമുണ്ടാകും. രണ്ടുദിവസത്തെ സന്ദർശനത്തിൽ ഔദ്യോഗിക കൂടിക്കാഴ്ചകളിലും ചർച്ചകളിലും മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളി വൈകിട്ട് 4.30ന് മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവാസി സംഗമം ഉദ്‌ഘാടനം ചെയ്യും. എട്ടിനും ഒന്പതിനും യുഎഇയിൽ പ്രവാസികളുമായി സംവദിക്കും.
മലയാളം മിഷൻ, ലോക കേരളസഭ, അബുദാബിയിലെയും അൽ ഐനിലെയും പ്രവാസി സംഘടനകൾ, കൂട്ടായ്‌മകൾ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മലയാളോത്സവ’ത്തിൽ അദ്ദേഹം പങ്കെടുക്കും. ഒന്പതിന് വൈകിട്ട് ഏഴിന് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിലാണ് പരിപാടി. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനങ്ങൾ പൂർത്തീകരിച്ചാണ് മുഖ്യമന്ത്രി കുവൈത്തിലെത്തുന്നത്. അതേസമയം 28 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തിൽ എത്തുന്നത്.
















