ഹമാസിന്റെ ബന്ദിയായിരിക്കെ മരിച്ച ഇസ്രായേലി സൈനികൻ സർജന്റ് ഇതായ് ഷെന്നിന്റെ മൃതദേഹം ഹമാസ് കൈമാറിയതിനു പിന്നാലെ, ഇസ്രായേൽ സൈനിക കസ്റ്റഡിയിലിരിക്കെ മരിച്ച 15 ഫലസ്തീൻകാരുടെ മൃതദേഹങ്ങൾ ഇസ്രായേലും വിട്ടുകൊടുത്തു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.
വെടിനിർത്തൽ നടപ്പിലായ ഒക്ടോബർ 10 മുതൽ ഇതുവരെ ഹമാസ് 21 ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറി. ഇനിയും 7 മൃതദേഹങ്ങൾ കൂടി ലഭിക്കാനുണ്ടെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഈ മൃതദേഹങ്ങൾ മുഴുവനായും കൈമാറാതെ വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്ന് ഇസ്രായേൽ നിലപാടെടുത്തു.
റെഡ് ക്രോസ് മുഖേന ഇസ്രായേൽ ഇതുവരെ 285 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൈമാറിയിട്ടുണ്ട്.
ഇതിനിടെ, ഗാസയിൽ രണ്ട് വർഷത്തേക്ക് അന്താരാഷ്ട്ര സേനയെ നിയോഗിക്കുന്നതിന് യുഎൻ അനുമതി തേടുന്ന കരട് പ്രമേയം യുഎസ് തയ്യാറാക്കി. ഈ പ്രമേയം മറ്റു രാജ്യങ്ങളുടെ പരിഗണനയ്ക്കായി കൈമാറിയിരിക്കുകയാണ്.
















