സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ വടക്കൻ കൊർഡോഫൻ പ്രവിശ്യയിലെ എൽ-ഉബെയ്ദിൽ അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ ജനം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ആർ.എസ്.എഫ് ഡ്രോൺ ആക്രമണം നടത്തി സാധാരണക്കാരെ കൂട്ടക്കൊല ചെയ്തത്.
കൊർഡോഫൻ പ്രവിശ്യയിൽ ഏതാനും ദിവസങ്ങളായി സ്ഥിതിഗതികൾ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ.) അറിയിച്ചു. കൊർഡോഫൻ, ദാർഫൂർ മേഖലകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘർഷത്തിന്റെ പ്രധാന പ്രഭവകേന്ദ്രങ്ങൾ. ദാർഫൂറിലെ ഒരു സൈനിക കേന്ദ്രം അടുത്തിടെ ആർ.എസ്.എഫ്. പിടിച്ചെടുത്തിരുന്നു.
















