കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗ്ഗരേഖ തയ്യാറാക്കാനായി സർക്കാർ വിളിച്ച് ചേർത്ത സർവ്വകക്ഷി ഇന്ന് നടക്കും. യോഗത്തിൽ ടിവികെയ്ക്ക് ക്ഷണമില്ല.
തെരഞ്ഞെടുപ്പ് കമ്മീഷൻറെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളെയും നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. രാവിലെ പത്തരയോടെ സെക്രട്ടറിയേറ്റിൽ ആരംഭിക്കുന്ന യോഗത്തിൽ മുതിർന്ന മന്ത്രിമാരും വിവിധ പാർട്ടികളുടെ നേതാക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയ്യാറാക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയിരുന്നു.
പൊതുയോഗത്തിലേക്ക് ടിവികെയെ ക്ഷണിക്കാത്തതിൽ ആക്ഷേപമുയരുന്നുണ്ട്. ഡിഎംകെയ്ക്ക് ടിവികെയുടെ വളർച്ചയിലുള്ള അസൂയ കൊണ്ടാണ് പൊതുയോഗത്തിൽ നിന്നും തങ്ങളെ ഒഴിവാക്കിയതെന്ന് ടിവികെ പാർട്ടി ജനറൽ സെക്രട്ടറി അരുൺരാജ് പറഞ്ഞു.
















