അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ശക്തമായ വിമർശനം നടത്തി യുഎസ് സുപ്രീംകോടതി. വിവിധ ലോക രാജ്യങ്ങൾക്ക് മേൽ പകരം തീരുവ ഏർപ്പെടുത്തിയ നടപടിക്കെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. രാജ്യങ്ങള്‍ക്ക് മേല്‍ അധികതീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്‍റെ അധികാരപരിധിയില്‍ കോടതി സംശയമുന്നയിച്ചു. ദേശീയ അടിയന്തരാവസ്ഥ നേരിടാൻ ഉദ്ദേശിച്ചുള്ള 1977-ലെ നിയമം ഉപയോഗിച്ചാണ് ചുങ്കം ചുമത്താനുള്ള നടപടികളുമായി ട്രംപ് മുന്നോട്ടുപോയത്.
താരിഫ് യുഎസിലെ ജനങ്ങളെ ബാധിക്കില്ലെന്നും അതു നികുതി അല്ലെന്നും ട്രംപിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും ജഡ്ജിമാർ തള്ളി. ഫലത്തിൽ, താരിഫുകൾ അമേരിക്കൻ ജനങ്ങൾക്കാണ് ഇപ്പോൾ ബാധ്യതയായിരിക്കുന്നതെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. യുഎസ് കോൺഗ്രസിന്റെ അധികാരങ്ങൾ കവർന്നെടുക്കുകയാണ് ട്രംപ് ചെയ്തതെന്നും അങ്ങനെയായാൽ കോണ്‍ഗ്രസിന് ഇനി എന്താണ് പ്രസക്തിയെന്നും കോടതി ചോദിച്ചു.
ഇത് യുഎസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നേരത്തെ കീഴ്ക്കോടതികള്‍ വിധിച്ചിരുന്നു. ഇതിനെതിരെ ട്രംപ് ഭരണകൂടം നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയിൽ വാദം നടക്കുന്നത്. താരിഫ് ബാധിച്ച വ്യവസായ സ്ഥാപനങ്ങളും ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 യുഎസ് സംസ്ഥാനങ്ങളും നൽകിയ ഹർജികളിലാണ് കീഴ്‌ക്കോടതി വിധി വന്നത്. യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10% അടിസ്ഥാന തീരുവ ചുമത്തിയിരുന്നു. ഇന്ത്യയ്ക്കും ബ്രസീലിനും 50% വീതവും തീരുവയായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്.
















