മാഹി: മുഴപ്പിലങ്ങാട്–മാഹി ബൈപാസിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പള്ളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ രമിത (40)യാണ് മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം ഏകദേശം 5.30ഓടെയായിരുന്നു അപകടം. പാലയാട് യൂണിവേഴ്സിറ്റി സെന്ററിൽ ലക്ചററായിരുന്ന രമിത ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ, മാഹി ബൈപാസിലെ മേൽപാലത്തിന് സമീപം ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറി ഇടിച്ചുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രമിതയെ ഉടൻ മാഹി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാഹി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു.
ഭർത്താവ്: ബിജുമോൻ (മാഹി ഐടി കമ്പനി ജീവനക്കാരൻ).
മക്കൾ: അനീക, അൻതാര (ഇരുവരും പള്ളൂർ സെന്റ് തെരേസാസ് സ്കൂൾ വിദ്യാർത്ഥിനികൾ).
















