പാറ്റ്‌ന: പാർട്ടിയെ വിമർശിക്കുന്നവർക്ക് പൂർവികർ നടത്തിയ ത്യാഗങ്ങളുടെ മൂല്യം മനസ്സിലാക്കാൻ കഴിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
രക്തസാക്ഷിത്വം ഉൾപ്പെടെയുള്ള ആ ത്യാഗങ്ങൾ രാഷ്ട്രീയവേദികളിൽ പ്രസംഗിക്കുന്നവർ ഒരിക്കലും തിരിച്ചറിയില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്ന ആരോപണങ്ങൾക്കുള്ള മറുപടിയായാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം പറഞ്ഞത്. കുടുംബവാഴ്ച്ചയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എഴുതിയ ലേഖനം വലിയ വിവാദമാകുന്നതിനിടെയാണ് ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ വാൽമീകിനഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്ക പ്രതികരിച്ചത്.
പാർട്ടിയെ വിമർശിക്കുന്നവർക്ക് പൂർവികർ നടത്തിയ ത്യാഗങ്ങളുടെ മൂല്യം മനസ്സിലാക്കാൻ കഴിയില്ലെന്നും, രക്തസാക്ഷിത്വം ഉൾപ്പെടെയുള്ള ആ ത്യാഗങ്ങൾ രാഷ്ട്രീയവേദികളിൽ പ്രസംഗിക്കുന്നവർ ഒരിക്കലും തിരിച്ചറിയില്ലെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമർശം. “രാവിലെ മുതൽ വൈകുന്നേരം വരെ ബിജെപി നേതാക്കൾ നെഹ്‌റുവിനെ അധിക്ഷേപിക്കുന്നതിലാണ്. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങൾക്കും അദ്ദേഹത്തെയാണ് അവർ കുറ്റപ്പെടുത്തുന്നത്,” പ്രിയങ്ക ചൂണ്ടിക്കാട്ടി.
















