തൊഴിലാളികളുടെ വിയർപ്പിൽ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങളിൽ പലപ്പോഴും നിയമം വെറും കടലാസായി മാറുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും കാണുന്നത്. മാന്യമായ ജോലി സമയം, അർഹമായ വിശ്രമം, ഇരട്ടി വേതനത്തോടെയുള്ള ഓവർടൈം എന്നിവയൊക്കെ തൊഴിലാളിയുടെ അടിസ്ഥാന അവകാശമായി ദ ഫാക്ടറീസ് ആക്ട്, 1948 (The Factories Act, 1948) ഉറപ്പുനൽകുന്നുണ്ടെങ്കിലും, ‘മുതലാളി ലോകം’ പലപ്പോഴും അതിനെ സൗകര്യപൂർവ്വം മറന്നുകളയുന്നു. ദിവസേന പരമാവധി ഒൻപത് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് നിയമപരമായ ജോലിസമയം. അതിനപ്പുറമുള്ള ഓരോ നിമിഷവും തൊഴിലാളിക്ക് ഇരട്ടി വേതനത്തിന് അർഹതയുണ്ട്. തുടർച്ചയായ അഞ്ച് മണിക്കൂർ ജോലിക്ക് ശേഷം 30 മിനിറ്റ് ഇടവേളയും, ആഴ്ചയിൽ ഒരു ദിവസം പൂർണ്ണമായ അവധിയും നിർബന്ധമാണ്—ഇതൊക്കെ ഓരോ തൊഴിലാളിയുടെയും അവകാശമാണ്.
എന്നാൽ, പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന കഠിനമായ ജോലിയാണ് മിക്ക തൊഴിലാളികൾക്കും. “ജോലിക്ക് നിൽക്കണമെങ്കിൽ ഞങ്ങളുടെ ഇഷ്ടത്തിന് പണിയെടുക്കണം” എന്ന മുതലാളിയുടെ ഭീഷണിക്ക് മുന്നിൽ പലരും നിശബ്ദമായി തലകുനിക്കുന്നു. ജീവനക്കാർക്ക് നേരെയുള്ള ഈ ക്രൂരമായ ചൂഷണം മിണ്ടാതെ നിൽക്കേണ്ട ആവശ്യം ഇല്ല. നിയമം തെറ്റിക്കുന്ന മുതലാളിമാർക്കെതിരെ കർശന ശിക്ഷാ നടപടികളാണ് ദ ഫാക്ടറീസ് ആക്ട്, 1948 നൽകുന്നത്. സെക്ഷൻ 92 പ്രകാരം, 10 മുതൽ 12 മണിക്കൂർ വരെ തൊഴിലാളികളെ നിർബന്ധിച്ച് ജോലി ചെയ്യിക്കുന്ന തൊഴിലുടമകൾക്ക് രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. നിയമലംഘനം ആവർത്തിച്ചാൽ ദിവസം 1000 രൂപ അധിക പിഴയൊടുക്കേണ്ടിയും വരും.
പ്രത്യേകിച്ച്, അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ നിയമലംഘനം നടത്തിയാൽ, സെക്ഷൻ 96A പ്രകാരം ശിക്ഷയുടെ കാഠിന്യം വർധിക്കും. ഏഴ് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ചുമത്തും. ഫാക്ടറി ഇൻസ്പെക്ടർമാർക്ക് ഇനി ഏത് സമയത്തും സ്ഥാപനങ്ങളിൽ കടന്നുചെന്ന് പരിശോധിക്കാനും, നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കാനും അധികാരം ഉണ്ട്. ഈ നിയമപരമായ പിൻബലം തൊഴിലാളികൾക്ക് ആശ്വാസവും, അതേസമയം, നിയമം തെറ്റിക്കുന്ന മുതലാളിമാർക്ക് ഒരു വലിയ ഭീഷണിയുമാണ്. ദ ഫാക്ടറീസ് ആക്ട്, 1948 എന്ന നിയമത്തിന്റെ ഈ ബലം, തൊഴിലാളികളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന മുതലാളി ലോകത്തിന് ഒരു ശക്തമായ താക്കീതാണ് നൽകുന്നത്.
















