കൊച്ചി: വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനിയറെ പീഡിപ്പിക്കുകയും 11 ലക്ഷം രൂപ തട്ടിയെടുത്തശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരത്തെ പള്ളിച്ചാൽ സംഗമം വീട്ടിൽ ശിവകൃഷ്ണ (34) എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2022-ൽ ഇൻഫോപാർക്കിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ആണ് പ്രതിയും പരാതിക്കാരിയും പരിചയപ്പെട്ടത്. യുവതിയുടെ ആദ്യ വിവാഹബന്ധം പിരിഞ്ഞിരുന്ന സമയത്തായിരുന്നു ശിവകൃഷ്ണയുമായി ബന്ധം ആരംഭിച്ചത്. ഭർത്താവിനോടൊപ്പം താമസിക്കുന്ന കുഞ്ഞിനെ തിരികെ സ്വന്തമാക്കി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി വിശ്വാസം നേടുകയായിരുന്നു.
തുടർന്ന് കലൂരിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് ബിസിനസ് ആവശ്യങ്ങൾക്കായി പണം വേണമെന്ന വ്യാജേന 11 ലക്ഷം രൂപ വായ്പയെടുത്ത് കൈപ്പറ്റിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പണം കൈപ്പറ്റിയശേഷം ശിവകൃഷ്ണ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും യുവതിയുമായി ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു.
2024 നവംബറിലാണ് യുവതി എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് പ്രതി ഫോൺനമ്പർ മാറ്റി ഒളിവിൽ പോയിരുന്നു.
കഴിഞ്ഞ ദിവസം പ്രതി വീട്ടിൽ തിരിച്ചെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം തിരുവനന്തപുരം എത്തിയതും ശിവകൃഷ്ണയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എസ്എച്ച്ഒ ജിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ , എസ്ഐ ഹരികൃഷ്ണൻ, എഎസ്ഐ സജീവ്, എസ്‌സിപിഒമാരായ അജിലേഷ്, റിനു മുരളി എന്നിവരുമുണ്ടായിരുന്ന.
















