ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് 27.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി പുരോഗമിക്കവേ, പോളിംഗ് ബൂത്തുകളിലെ വൈദ്യുതി തടസ്സത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. മഹാസഖ്യത്തിന് സ്വാധീനമുള്ള ബൂത്തുകളിൽ ഇടയ്ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നത് മനഃപൂർവമാണെന്നും പോളിംഗ് വൈകിപ്പിക്കാനുള്ള തന്ത്രമാണിതെന്നും കാണിച്ച് ആർജെഡി (രാഷ്ട്രീയ ജനതാദൾ) തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, കനയ്യകുമാർ, രവിശങ്കർ പ്രസാദ് തുടങ്ങിയ പ്രമുഖർ ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. 243 മണ്ഡലങ്ങളുള്ള ബിഹാറിൽ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നിതീഷ് കുമാർ സർക്കാരിലെ 16 മന്ത്രിമാരും, മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവും ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഈ നിർണ്ണായക ഘട്ടത്തിലാണ് വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ ചോദ്യം ചെയ്ത് ആർജെഡിയുടെ ഭാഗത്തുനിന്നും ഗൗരവകരമായ ആരോപണം ഉയർന്നിരിക്കുന്നത്.
എന്നാൽ, ആർജെഡി ഉന്നയിച്ച ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. വൈദ്യുതി വിതരണം മനഃപൂർവം തടസ്സപ്പെടുത്തുന്നു എന്ന പരാതി അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി കമ്മീഷൻ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ഇതോടെ, തിരഞ്ഞെടുപ്പ് ചൂടിനൊപ്പം പോളിംഗ് നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളും ബിഹാറിൽ ചർച്ചയാവുകയാണ്.
















