ബംഗളുരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി താലിമാല കവർന്ന കേസിൽ വാടകക്കാരായ ദമ്പതികൾ അറസ്റ്റിൽ. തിങ്കളാഴ്ച ആയിരുന്നു സംഭവം. ബെംഗളൂരു ഉത്തരഹള്ളിയില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ പ്രസാദ് ശ്രീസെയ്ല്‍(26), ഭാര്യ സാക്ഷി ഹനമന്ത(23) എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്.
കോട്ടേണ്‍പേട്ടിലെ ഫാക്ടറി ജീവനക്കാരനായ അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മിയെയാണ് ദമ്പതികൾ കൊലപ്പെടുത്തിയത്. അശ്വതിന്റെ വീട്ടിൽ വാടകക്ക് താമസിച്ചു വരുകയായിരുന്നു പ്രതികളായ ദമ്പതികൾ. തിങ്കളാഴ്ച രാവിലെ അശ്വത് ജോലിക്ക് പോയി. ആ സമയം ശ്രീലക്ഷ്മി വീട്ടിൽ ഒറ്റക്കായിരുന്നു. ഇതിനിടെയാണ് വാടകക്കാരായ ദമ്പതിമാര്‍ ടിവി കാണാനെന്ന വ്യാജേന ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശ്രീലക്ഷ്മിയെ മുഖത്ത് തലയണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയശേഷം ശ്രീലക്ഷ്മിയുടെ സ്വര്‍ണമാലയും പ്രതികള്‍ കവര്‍ന്നു.
അശ്വത് ജോലി കഴിഞ്ഞെത്തിയപ്പോളാണ് ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.പോലീസ് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് വാടകക്കാരായ ദമ്പതിമാര്‍ ശ്രീലക്ഷ്മിയെ കാണാനെത്തിയതായി കണ്ടെത്തിയിരുന്നു. ഇതോടെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്.സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. വീട്ടുടമയായ അശ്വതിന് ഉള്‍പ്പെടെ പലര്‍ക്കും പ്രതികള്‍ പണം നല്‍കാനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ശ്രീസെയ്ല്‍ ബെംഗളൂരുവില്‍ കൂലിപ്പണി ചെയ്യുന്നയാളാണ്. ഭാര്യ സാക്ഷി ജൂവലറിയിലെ ജീവനക്കാരിയാണ്. രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.
















