പത്തനംതിട്ട തിരുവല്ലയിൽ നടന്ന കവിത കൊലക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിഞ്ഞിരുന്നു.
2019 മാര്‍ച്ച് 12-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തിരുവല്ല നഗരത്തില്‍വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിത(19) നെ പ്രണയാഭ്യർഥന നിരസിച്ചതിനെ പേരിൽ അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടവഴിയിൽ വെച്ചായിരുന്നു പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
അജിനും കവിതയും ഹയര്‍ സെക്കന്‍ഡറി മുതൽ ഒരുമിച്ച് പഠിച്ചു വളർന്നവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്സിന് ചേര്‍ന്നു. അന്നേ ദിവസം കവിത ക്ലാസ്സിൽ പോകുന്നതിനിടയിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. അജിന്‍ റെജി മാത്യു തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍നിന്ന് മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങി കൈയിൽ വെച്ചിരുന്നു. ഇതിന് ശേഷം നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെ എത്തി ആദ്യം കത്തി കൊണ്ട് കുത്തി പരിക്കേൽപിച്ചു. പിന്നീട്ട് കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
















