സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ എന്നീ 5 മെഡിക്കല്‍ കോളേജുകളിലാണ് സ്‌ട്രോക്ക് സെന്ററുകള്‍ വിപുലീകരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും അപെക്സ് ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ 12 സ്ട്രോക്ക് യൂണിറ്റുകളിലൂടെയും നല്‍കി വരുന്നുണ്ട്. സംസ്ഥാനത്തെ 6 സ്ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എസ്.ഒ.), എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 1.53 കോടി, കോട്ടയം മെഡിക്കല്‍ കോളേജ് 1.55 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് 4.78 കോടി, എറണാകുളം മെഡിക്കല്‍ കോളേജ് 5.49 കോടി, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 5.50 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്‌ട്രോക്ക് രോഗികള്‍ക്ക് അടിയന്തരവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കുക, ന്യൂറോളജി, ന്യൂറോസര്‍ജറി തുടങ്ങിയ വിഭാഗങ്ങളില്‍ ആവശ്യമായ ആധുനിക ഉപകരണങ്ങള്‍, സൗകര്യങ്ങള്‍, ഐസിയു നവീകരികരണം, എംആര്‍ഐ, സിടി സ്‌കാന്‍, ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, ഡോപ്ലര്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ സജ്ജമാക്കാനും ലക്ഷ്യമിടുന്നു.
ത്രോംബോലൈസിസ് ചികിത്സയ്ക്ക് പുറമേ മെക്കാനിക്കല്‍ ത്രോമ്പക്ടമി പോലെയുള്ള സങ്കീര്‍ണമായ പ്രൊസീജിയറുകള്‍ കൂടി ചെയ്യാനുള്ള സംവിധാനം മെഡിക്കല്‍ കോളേജില്‍ സാധ്യമാകുന്നതാണ്. സ്ട്രോക്ക് ചികിത്സ സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ 9 പുതിയ ന്യൂറോളജിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാവുന്നതിലൂടെ സംസ്ഥാനത്ത് സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യം.
CONTENT HIGH LIGHTS; 18.87 crores for comprehensive stroke centers in medical colleges: The aim is to bring stroke treatment systems to world-class standards
















