പനവൂർ: പേരൂർക്കട സ്റ്റേഷനിൽ 22 മണിക്കൂർ മാനസിക പീഡനമനുഭവിച്ച ബിന്ദുവിന് വീട്ടിലേക്കുള്ള വഴിയില്ലെന്ന വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ടു. ബിന്ദുവിന്റെ പനവൂർ ഗ്രാമപഞ്ചായത്തിലെ കടുവാപോക്ക് പാമ്പാടിയിലുള്ള വീട്ടിലേക്ക് കയറാൻ ഗതാഗത സൗകര്യമൊരുക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് പാലം നിർമ്മിച്ചുനൽകുന്നു.
പത്രവാർത്തയെ തുടർന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. അമ്പിളിയും ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. തോടിനുകുറുകെ ഗതാഗതയോഗ്യമായ പാലം നിർമിച്ച് നിർമിച്ചു നൽകുമെന്ന് ബിന്ദുവിന് ഉറപ്പ് നൽകി.
തുടർന്ന് അഞ്ചുലക്ഷം രൂപ ചെലവിൽ പാലവും, റോഡ് നിർമ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തി. പാലനിർമാണത്തിന്റെ ഉദ്ഘാടന കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. അമ്പിളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. മിനി അധ്യക്ഷയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈല, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാദേവി, വാർഡ് അംഗം രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
















